കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കനത്ത തോല്‍വി. രണ്ടാം റൗണ്ടിലാണ് പി.വി.സിന്ധുവിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.സീഡ് ചെയ്യപ്പെടാത്ത കൊറിയന്‍ താരം ആന്‍ സെയംഗാണ് ലോക ചാമ്പ്യനായ സിന്ധുവിന് പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്. സ്‌കോര്‍: 21-14,21-17.
പതിനേഴുകാരിയായ കൊറിയന്‍ താരത്തിന് മുന്നില്‍ സിന്ധു തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഓഗസ്റ്റില്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയശേഷം തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധു ക്വാര്‍ട്ടറിലെത്താതെ പുറത്താവുന്നത്. നേരത്തെ ചൈന ഓപ്പണിലും കൊറിയന്‍ ഓപ്പണിലും സിന്ധു ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷയായി സായ് പ്രണീത് മാത്രമാണ് ഇനി അവശേഷിക്കുന്നത്. ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഡെന്മാര്‍ക്ക് താരമായ ആന്‍ഡേഴ്‌സ് അന്റോണ്‍സണിനോട് പരാജയപ്പെട്ട് ആദ്യ റൗണ്ടില്‍ കിഡമ്പി ശ്രീകാന്ത് പുറത്തായിരുന്നു. ഇന്ത്യന്‍ താരം സൈന നേഹ്‌വാളും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
















