ന്യൂദല്‍ഹി : മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി. കായലോരം ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കോടതി തള്ളിയത്.
ഉടമകളുടെ ഭാഗം കേള്‍ക്കാതെയാണ് മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. കൂടാതെ മൂന്നംഗ സമിതി ഒരു പ്രത്യേക വിദഗ്ധ സമിതിയെ രൂപീകരിച്ച് സുപ്രീംകോടതിയെ കബളിപ്പിച്ചെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കോടതി പരിഗണനയ്‌ക്ക് എടുക്കാതെ തള്ളുകയായിരുന്നു.
ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയാനായി മൂന്ന് വരെയാണ് ഉടമകള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഉടമകള്‍ക്ക് അടിയന്തിര നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ഉടനെയും ബാക്കി തുകയും എത്രയും പെട്ടെന്ന് നല്‍കാമെന്ന ഉറപ്പ് കിട്ടിയെന്നതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റ് ഉടമകള്‍ ഒഴിയാന്‍ തീരുമാനിച്ചത്. നാലാം തീയതി രാവിലെ വരെ വൈദ്യുതി, ജലവിതരണം തുടങ്ങിയവ താമസക്കാര്‍ക്ക് ലഭ്യമാക്കും. മരടിലെ താമസക്കാര്‍ക്കായി 521 ഫ്‌ളാറ്റുകള്‍ ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്നു. എന്നാല്‍ മാറിത്താമസിക്കാനായി നല്‍കിയ ഫ്‌ളാറ്റുകളില്‍ ഒഴിവില്ലെന്നാണ് ഉടമകള്‍ ആരോപിക്കുന്നത്.
















