കൊളംബോ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. രണ്ട് സെമിഫൈനലും മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന നിലയിലാണ് ഇന്ത്യയും ബംഗ്ലാദേശും ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഗ്രൂപ്പ് എയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളും ജയിച്ചു. കുവൈറ്റിനെ ഏഴുവിക്കറ്റിനും പാക്കിസ്ഥാനെ 60 റണ്‍സിനും അഫ്ഗാനിസ്ഥാനെ മൂന്ന് വിക്കറ്റിനും തോല്‍പ്പിച്ചായിരുന്നു ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ കളിയായിരുന്നു ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയത്. ഈ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 124 റണ്‍സിന് എറിഞ്ഞിട്ടെങ്കിലൂം മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയും വിറച്ചു. ഒടുവില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയശേഷം 128 റണ്‍സെടുത്ത് ഇന്ത്യ വിജയതീരമണിഞ്ഞു. സെമിയില്‍ ശ്രീലങ്കയായിരുന്നു എതിരാളികള്‍. എന്നാല്‍ കനത്ത മഴ കാരണം ഒരു പന്തുപോലും എറിയാന്‍ കഴിയാതെ കളി ഉപേക്ഷിച്ചു. ഇതോടെയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായതിന്റെ മുന്‍തൂക്കം ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചത്. ഓപ്പണര്‍ അര്‍ജുന്‍ ആസാദ്, മുന്‍നിര താരം തിലക് വര്‍മ എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കരുത്ത്. രണ്ടുപേരും ഓരോ സെഞ്ചുറികളും നേടിയിട്ടുണ്ട്. വിദ്യാധര്‍ പാട്ടീല്‍, ആകാശ് സിങ്, അഥര്‍വ അന്‍കൊലേക്കര്‍ എന്നിവരടങ്ങിയ ബൗളിങ് നിരയുടെ പ്രകടനവും ഇന്ത്യക്ക് കളിയില്‍ ബംഗ്ലാദേശിനെതിരെ മുന്‍തൂക്കം നല്‍കുന്നു.
മറുവശത്ത് ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശും മൂന്ന് കളികളും ജയിച്ചു. യുഎഇയെയും നേപ്പാളിനെയും ആറ് വിക്കറ്റിനും ശ്രീലങ്കയെ 60 റണ്‍സിനും 42 റണ്‍സിനും തോല്‍പ്പിച്ചു. അഫ്ഗാനായിരുന്നു സെമിയില്‍ ബംഗ്ലാദേശിന്റെ എതിരാളിയെങ്കിലും കനത്ത മഴയില്‍ കളി നടന്നില്ല. ഇതോടെയാണ് ബംഗ്ലാദേശും ഗ്രൂപ്പ് ചാമ്പ്യന്മാരായതിന്റെ ആനുകൂല്യത്തില്‍ കലാശക്കളിക്ക് യോഗ്യത നേടിയത്.
ഇന്ത്യ നിലവിലെ ചാമ്പ്യന്മാരാണ്. ബംഗ്ലാദേശ് ആദ്യമായാണ് ഫൈനലില്‍ കളിക്കുന്നത്. ടൂര്‍ണമെന്റിന്റെ എട്ടാം പതിപ്പാണ് നടക്കുന്നത്. മുന്‍പ് നടന്ന 7 ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയത് ഇന്ത്യയാണ്. ആറ് തവണ ഇന്ത്യ കിരീടം ചൂടി. പാക്കിസ്ഥാനും ശ്രീലങ്കയ്‌ക്കും കിട്ടാക്കനിയായ അണ്ടര്‍ 19 ഏഷ്യാ കിരീടം ഒരിക്കല്‍ അഫ്ഗാനും നേടിയിട്ടുണ്ട്, 2017-ല്‍. 2012-ല്‍ ഇന്ത്യയും പാക്കിസ്ഥാനും കിരീടം പങ്കിടുകയും ചെയ്തു.
















