തിരുവനന്തപുരം: ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ എ ടീം സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനം നാല് വിക്കറ്റിന് ജയിച്ച ഇന്ത്യ 3-0ന് മുന്നിലെത്തി.
മഴ തടസ്സപ്പെടുത്തിയ കളി 30 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ എ ടീം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13 പന്തുകളും നാല് വിക്കറ്റും ബാക്കിനില്‍ക്കേ 208 റണ്‍സെടുത്ത് വിജയം കണ്ടു. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയ നായകന്‍ മനീഷ് പാണ്ഡെയാണ് (59 പന്തില്‍ 81) ഇന്ത്യയുടെ വിജയശില്‍പ്പി. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെട്ടതായിരുന്നു മനീഷിന്റെ ഇന്നിങ്‌സ്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക എ-207/8 , ഇന്ത്യ എ 27.5 ഓവറില്‍- 208/6.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 30 ഓവറില്‍ എട്ട് വിക്കറ്റിന് 207 റണ്‍സ് നേടി. 21 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറുമടക്കം 44 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ജന്നേമന്‍ മലാന്‍ (37), മാത്യൂ ബ്രീറ്റ്സ്‌കെ (36), തെംബ ബവൂമ (27), ഖയ സോണ്ടോ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യയും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതവും ഷാര്‍ദുല്‍ ഠാകൂറും യൂസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയുടെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്വാദ് ഒരു റണ്ണിനും റിക്കി ഭുയി റണ്ണൊന്നുമെടുക്കാതെയും ക്രുനാല്‍ പാണ്ഡ്യ 13 റണ്‍സിനും പുറത്തായപ്പോള്‍ ഇന്ത്യ മൂന്നിന് 26 എന്ന നിലയിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ 40 റണ്‍സെടുത്ത ഇഷാന്‍ കിഷനും മനീഷ് പാണ്ഡെയും ചേര്‍ന്ന് ഇന്ത്യയ്‌ക്ക് അടിത്തറപാകി.
പാണ്ഡെക്ക് ശേഷമെത്തിയ നിതീഷ് റാണ 13 റണ്‍സില്‍ പുറത്തായപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ മികവ് തുടര്‍ന്ന ശിവം ദുബെ (45*) ഇന്ത്യയെ ജയത്തിലെത്തിച്ചു. ഇന്ത്യ വിജയിക്കുമ്പോള്‍ ദുബെക്കൊപ്പം അക്ഷര്‍ പട്ടേലായിരുന്നു (7*) ക്രീസില്‍. 28 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറുമടക്കമാണ് ശിവം ദുബെ 45 റണ്‍സെടുത്തത്. മനീഷ് പാണ്ഡെയാണ് മാന്‍ ഓഫ് ദി മാച്ച്.
















