ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി എത്തിയതിന് പിന്നാലെ ഉത്തരാഖണ്ഡ് കേദാര്‍നാഥിലെ രുദ്ര ധ്യാനഗുഹയിലേക്ക് ഭക്തരുടെ ഒഴുക്ക്. മേയില്‍ പൊതുതിരഞ്ഞെടുപ്പു കാലത്ത് മോദി ധ്യാനത്തിനെത്തിയപ്പോള്‍ ഏറെക്കുറെ സന്ദര്‍ശകരില്ലാത്ത മട്ടിലായിരുന്നു. പ്രധാനമന്ത്രി എത്തിയതോടെ മേയ് മാസം തന്നെ നാല് ബുക്കിങ് ലഭിച്ചു. ജൂണില്‍ 28, ജൂലൈയില്‍ 10, ഓഗസ്റ്റില്‍ 8 ബുക്കിങ് കിട്ടി. 19 ബുക്കിങ് ഈ മാസത്തേക്കു ലഭിച്ചു. അടുത്ത മാസത്തേക്ക് 10 പേര്‍ ബുക്ക് ചെയ്തിട്ടുണ്ട്. മുന്‍കൂര്‍ ബുക്കിങ് ഇതാദ്യമാണ്.
മോദിയുടെ സന്ദര്‍ശനം കഴിഞ്ഞതിന് ശേഷം കേദാര്‍നാഥ് ക്ഷേത്രത്തിലേക്കും ഭക്തരുടെ ഒഴുക്കാണ്. മോദിയുടെ സന്ദര്‍ശനം കഴിഞ്ഞ് 45 ദിവസം പിന്നിട്ടപ്പോള്‍ 7.3 ലക്ഷം തീര്‍ത്ഥാടകര്‍ ആരാധനാലയം സന്ദര്‍ശിച്ചിരുന്നു. എല്ലാ പ്രവശ്യവും ബദരീനാഥിലാണ് കൂടുതല്‍ ആളുകള്‍ വരുന്നതെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമായി. 2018 ലെ അവസാനമാസങ്ങളില്‍ 7.32 ലക്ഷം ആളുകള്‍ ആരാധനാലയം സന്ദര്‍ശിച്ചപ്പോള്‍ 2019 ലെ ആദ്യ 45 ദിവസങ്ങളിലായി 7.35 ലക്ഷം ആളുകള്‍ എത്തിയിരുന്നു. മെയ് 18നായിരുന്നു കേദാര്‍നാഥില്‍ മോദി ഏകാന്ത ധ്യാനത്തിനെത്തിയത്. തെരഞ്ഞെടുപ്പില്‍ ബിജെപി ഗംഭീര ജയം നേടിയതോടെ രാജ്യത്ത് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലുമേറി. ഇതോടെ മോദി സന്ദര്‍ശിച്ച കേദാര്‍നാഥിലും ധ്യാനനിരതനായിരുന്ന രുദ്ര ഗുഹകാണാനുമാണ് തീര്‍ത്ഥാടകരെത്തുന്നത്.
മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ ഇവിടുത്തെ സവിശേഷതകളും പ്രത്യേകതകളും എന്താണെന്ന് അറിയാന്‍ നിരവധി പേരാണ് ഗൂഗിളിലും മറ്റും തെരഞ്ഞെത്തിയത്. എന്നാല്‍ മോദി അധികാര തുടര്‍ച്ച നേടിയതോടെ ‘രുദ്ര’യുടെ ഡിമാന്റ് വര്‍ധിച്ചു. കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമിറ്റര്‍ മുകളിലാണ് ഈ ഗുഹയുള്ളത്. ഇവിടെ നിന്നും കാല്‍നടയായി നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരം ഹിമാലയത്തില്‍ ഏകാന്ത ധ്യാനത്തിനെത്തുന്നവര്‍ക്കായാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. പൂര്‍ണമായും വെട്ടുകല്ലിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 1200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്.
















