പാറ്റ്‌ന: ഇരട്ടക്കൊലപാത കേസില്‍ ജീവപര്യന്തം ശിക്ഷയില്‍ കഴിയുന്ന കൊലയാളിക്ക് ജയിലില്‍ ആഘോഷപൂര്‍വം ബര്‍ത്ത് ഡേ പാര്‍ട്ടി. കേക്ക് മുറിക്കലും സമ്മാനപ്പൊതി വിതരണവും മട്ടന്‍ ബിരിയാണിയുമടക്കം പൊടിപൊടിച്ച ആഘോഷങ്ങത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലുമായി.
2015ല്‍ ദര്‍ബാംഗയില്‍ രണ്ടു എന്‍ജിനീയര്‍മാരെ കൊന്ന കേസിലെ പ്രതി പിന്റു തിവാരിക്കാണ് ജയിലില്‍ ബര്‍ത്ത് ഡേ പാര്‍ട്ടി ഒരുക്കിയത്. ബലൂണും തോരണങ്ങളുമൊക്കെ കെട്ടി അലങ്കരിച്ചാണ് ജയിലിനുള്ളില്‍ പാര്‍ട്ടി നടന്നത്. വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍ ഹസതടവുകാര്‍ പിന്റുവിന് നല്‍കുന്നുണ്ട്.

ഒപ്പം, തടവുകാര്‍ക്കെല്ലാം മട്ടണ്‍ ബിരിയാണിയും. പാട്ടുപാടലും കേക്ക് മുറിക്കലുമൊക്കൊ മൊബൈലില്‍ ഷൂട്ട് ചെയ്തതോടെ ജയിലിനുള്ളില്‍ ഫോണ്‍ യഥേഷ്ടം ഉപയോഗിക്കാന്‍ സാധിക്കുമെന്നും വ്യക്തമായി. വീഡിയോ വൈറലായതോടെ വെട്ടിലായത് ജയില്‍, പോലീസ് ഉദ്യോഗസ്ഥരാണ്.
ജയില്‍ ഐജി മിതിലേഷ് മിശ്ര വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചത് ഗൗരവമായി കാണുമെന്നും ഐജി. ബിഹാറിലെ ജയിലുകളില്‍ വ്യാപകമായി നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
















