തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ കളിക്കാന്‍ ശിഖര്‍ ധവാനും. ലോകകപ്പില്‍ പരുക്കേറ്റ് പുറത്തായതിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ താരത്തിന് വിന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഏകദിന ട്വന്റി-20 മത്സരങ്ങളിലും റണ്‍സ് കണ്ടെത്താന്‍ താരം ബുദ്ധിമുട്ടിയിരുന്നു. ഫോമില്‍ തിരിച്ചെത്താന്‍ ധവാന് ലഭിക്കുന്ന അവസരം കൂടിയാണിത്. ഇതിലും ഫോംകണ്ടെത്തിയില്ലെങ്കില്‍ ധവാന്‍ അടുത്തുള്ള ഏകദിന മത്സരങ്ങളില്‍ നിന്ന് പുറത്തായേക്കുമെന്ന് സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിന്‍ഡീസ് പര്യടനത്തിലെ അഞ്ചു മത്സരങ്ങളില്‍ നിന്നായി ആകെ 65 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് കണ്ടെത്താനായത്. രണ്ടു തവണ മാത്രമാണ് താരം രണ്ടക്കം കടന്നത്. ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു റണ്‍സിന് പുറത്തായ ധവാന്‍ രണ്ടാം മത്സരത്തില്‍ 23 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും അവസാന മത്സരത്തില്‍ മൂന്ന് റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ രണ്ടു റണ്‍സിന് പുറത്തായ ധവാന്‍ അടുത്ത മത്സരത്തില്‍ 36 റണ്‍സ് മാത്രമാണ് നേടിയത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അവസാന രണ്ടു ഏകദിന മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറാകുന്നത് മലയാളി താരം സഞ്ജു സാംസനാണ്. മുംബൈ മലയാളി ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്.
















