ന്യൂദല്‍ഹി : അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. 3.11 കോടി ആളുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ 19 ലക്ഷം പേര്‍ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്
പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് എല്ലാ സുരക്ഷയും നല്‍കുമെന്നും, ഇത് ഉറപ്പു വരുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പട്ടിക പ്രസിദ്ധീകരിച്ച് 60 മുതല്‍ 120 ദിവസം വരെ അപ്പീലുമായി ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. പട്ടികയില്‍ പേരില്ലെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ യാതൊരുവിധ ഉപദ്രവങ്ങളും നടത്തില്ലെന്ന് അസം സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം വര്‍ധിച്ചത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. രാജ്യ സുരക്ഷയുടെ ഭാഗമായാണ് അസമില്‍ പൗരത്വ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. 2005 മെയിലാണ് പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
















