ലഖ്‌നൗ: ദേശീയ അന്തര്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാരായി. 114 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം. പുരുഷ വിഭാഗത്തിലും (64 പോയിന്റ്) വനിത വിഭാഗത്തിലും (80 പോയിന്റ്) കേരളം ചാമ്പ്യന്മാരായി.
അവസാന ദിനത്തില്‍ കേരളത്തിന്റെ ശ്രീശങ്കര്‍ ലോങ്ജമ്പില്‍ സ്വര്‍ണം ചാടിയെടുത്തു. പി.യു. ചിത്ര 1500 മീറ്ററിലും മേയ്‌മോന്‍ പൗലോസ് 110 മീറ്റര്‍ ഹര്‍ഡില്‍സിലും വെള്ളി മെഡല്‍ നേടി. വനിതകളുടെ 4-400 റീലേയിലും പുരുഷന്മാരുടെ 4-100 റിലേയിലും കേരളത്തിന് വെള്ളി ലഭിച്ചു. വനിതകളുടെ 4-100 റിലേയില്‍ വെങ്കലവും നേടി.
7.83 മീറ്റര്‍ ചാടിക്കടന്നാണ് ശ്രീശങ്കര്‍ ലോങ്ജമ്പില്‍ സ്വര്‍ണം നേടിയത്. ശ്രീശങ്കര്‍ നേരത്തെ തന്നെ ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയിരുന്നു. യുപിയുടെ സാമിത് സിങ് (7.40) വെ്ള്ളിയും ഋഷഭ് (7.38) വെങ്കലവും കരസ്ഥമാക്കി.
110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെയ്‌മോന്‍ പൗലോസിന് നേരിയ വ്യത്യാസത്തിനാണ് സ്വര്‍ണം നഷ്ടമായത്. 14.00 സെക്കന്‍ഡില്‍ രണ്ടമനായി. 13.99 സെക്കന്‍ഡില്‍ ഓടിയെത്തിയ എഎഫ്എയുടെ സിദ്ധാന്ത് തിങ്കലായയ്‌ക്കാണ് സ്വര്‍ണം.
വനിതകളുടെ 1500 മീറ്ററില്‍ ബംഗാളിന്റെ ലിലി ദാസാണ് കേരളത്തിന്റെ പി.യു. ചിത്രയെ രണ്ടാം സ്ഥാനത്തേ് പിന്തള്ളി സ്വര്‍ണം നേടിയത്. സമയം 4:21.59 സെക്കന്‍ഡ്. ചിത്ര 4:22.03 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു.
പുരുഷന്മാരുടെ 4-400 റിലേയില്‍ കേരളാ ടീം 3:16.76 സെക്കന്‍ഡിലാണ് വെള്ളിമെഡല്‍ നേടിയത്. വനിതകളുടെ 4-400 റിലേയില്‍ 3:45.64 സെക്കന്‍ഡിലാണ് കേരളം രണ്ടാം സ്ഥാനം നേടിയത്. കര്‍ണാടയ്‌ക്കാണ് സ്വര്‍ണം. സമയം: 3:39.91. വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 47.17 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. തമിഴ്‌നാടിന് സ്വര്‍ണവും കര്‍ണാടകയ്‌ക്ക് വെള്ളിയും ലഭിച്ചു.
കര്‍ണാടകയുടെ വിദ്യാസാഗര്‍ ചാമ്പ്യഷിപ്പിലെ വേഗമേറിയ ഓട്ടക്കാരനായി. നൂറ് മീറ്റര്‍ 10.59 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് വിദ്യാസാഗര്‍ വേഗമേറിയ താരമായത്. ഒഡീഷയുടെ ദ്യൂതി ചന്ദാണ് വേഗമേറിയ ഓട്ടക്കാരി. ദ്യൂതി 11.38 സെക്കന്‍ഡില്‍ നൂറ് മീറ്റര്‍ ഓടിയെത്തി.
ചാമ്പ്യഷിപ്പിലെ മികച്ച പുരുഷ താരമായി മെഹ്ദി പൈറിജഹാന്‍ തെരഞ്ഞെടുക്കപ്പെട്ടു. നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ മെഹ്ദി സ്വര്‍ണം നേടി. ഹരിയാനയുടെ അഞ്ജലി ദേവി മികച്ച വനിതാ താരമായി. നാനൂറ് മീറ്റര്‍ 51.53 സെക്കന്‍ഡില്‍ ഓടിയെത്തിയ അഞ്ജലി ദേവി ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.
















