ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ധോണിയില്ല. മൂന്ന് മത്സരങ്ങള്‍ക്കുള്ള പതിനഞ്ചംഗ ടീമിനെയാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. ധോണിക്കു പകരം ഋഷഭ് പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുള്ള ടീമില്‍ നിന്ന് നിലവില്‍ ഒരേയൊരു മാറ്റം മാത്രമാണ് ബിസിസി ഐ വരുത്തിയിട്ടുള്ളത്. ഭുവനേശ്വര്‍ കുമാറിനു പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ടീമില്‍ തിരിച്ചെത്തിയത്.
ധോണിയെ ഒഴിവാക്കിയ ഞെട്ടലിലാണ് ആരാധകര്‍. ലോകകപ്പിന് ശേഷം സൈനികസേവനത്തിനായി ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത് രണ്ട് മാസമായി ധോണി മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ഇത് വരെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സൂചനയും നല്‍കിയിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ധോണി തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ധോണി ഇല്ലാത്ത ടീമിനെയാണ് ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ എന്ത് കൊണ്ടാണ് താരത്തെ പരിഗണിക്കാതിരുന്നതെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്തെത്തിയിരിക്കുകയുണ്ടായി. ധോണി സ്വയം, തന്നെ ടീമിലേക്ക് പരിഗണിക്കരുതെന്ന് അറിയിച്ചുവെന്ന് എംഎസ്‌കെ പ്രസാദ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
















