ലക്‌നൗ: ദേശീയ അന്തര്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ വനിതകളുടെ പോള്‍വാള്‍ട്ടിലെ സ്വര്‍ണമുള്‍പ്പെടെ മൂന്ന് മെഡലുകളും കേരളം സ്വന്തമാക്കി. 3.80 മീറ്റര്‍ ഉയരം താണ്ടിയ കൃഷ്ണ രചന്‍ സ്വര്‍ണ്ണം നേടി. നിവ്യ (3.60 മീ) വെള്ളിയും സിന്‍ജു എം.കെ. (3.30മീ) വെങ്കലവും കരസ്ഥമാക്കി.
പതിനായിരം മീറ്ററില്‍ കേരളത്തിന്റെ ഗോപി. ടി. സ്വര്‍ണം നേടി. സമയം: 30:52.75. യുപിയുടെ അര്‍ജുന്‍ കുമാര്‍ വെളളിയും (30:55.71) ഗോവയുടെ വിക്രം (30:59.98) വെങ്കലവും സ്വന്തമാക്കി.
ഹരിയാനയുടെ അഞ്ജലി ദേവി നാനൂറ് മീറ്ററില്‍ സ്വര്‍ണം നേടി. 51.53 സെക്കന്‍ഡില്‍ ഓടിയെത്തിയ അഞ്ജലി ദോഹയിലെ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. 51. 80 സെക്കന്‍ഡാണ് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത മാര്‍ക്ക്.
കേരളത്തിന്റെ ജിസ്‌ന മാത്യൂ ഈ ഇനത്തില്‍ വെങ്കലം നേടി. സമയം:53.08 സെക്കന്‍ഡ്. ഗുജറാത്തിന്റെ സരിതാ ബെന്‍ ഗെയ്‌ക്കുവാദിനാണ് വെള്ളി. 52.96.
ഹൈജമ്പില്‍ മഹാരാഷ്‌ട്രയുടെ സര്‍വേഷ് ഒന്നാം സ്ഥാനം ചാടിയെടുത്തു (2.23 മീ). കേരളത്തിന്റെ ജിയോ രണ്ടാം സ്ഥാനവും (2.21 മീ), കര്‍ണാടകയുടെ ചേതന്‍ ബാലസുബ്രഹ്മണ്യം (2.19) മൂന്നാം സ്ഥാനവും നേടി.
ഡിസ്‌കസ്‌ത്രോയില്‍ ബെഹ്നാം ശ്രീ സ്വര്‍ണം എറിഞ്ഞെടുത്തു. ദൂരം: 57.82 മീറ്റര്‍. പഞ്ചാബിന്റെ ക്രിപാല്‍ സിങ് വെള്ളിയും (57.67 മീ) ഗഗന്‍ദീപ് സിങ് (54്.47) വെങ്കലവും കരസ്ഥമാക്കി.
ബംഗാളിന്റെ ഭൈരവി റോയ് ട്രിപ്പിള്‍ ജമ്പില്‍ 13.01 മീറ്റര്‍ ചാടി ഒന്നാം സ്ഥാനം നേടി. കര്‍ണാകയുടെ ഐശ്വര്യ വെള്ളിയും (12.85), ആന്ധ്രയുടെ കാര്‍ത്തിക (12.74) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഹരിയാനയുടെ ശാര്‍മിള സ്വര്‍ണം നേടി. 54.58 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് ശാര്‍മിള ഒന്നാമതായത്. രാജസ്ഥാന്റെ സഞ്ജന ചൗധരി വെള്ളിയും (50.71) കര്‍ണാടകയുടെ രഷ്മി (50.66) വെങ്കലവും നേടി.
വനിതകളുടെ പതിനായിരം മീറ്ററില്‍ യുപിയുടെ ഫൂലന്‍ പാല്‍ ഒന്നാം സ്ഥാനം നേടി. സമയം : 37:00.52. കര്‍ണാടയുടെ കവിത യാദവ് വെള്ളിയും മഹാരാഷ്‌ട്രയുടെ കിരണ്‍ സഹദേവ് വെങ്കലവും സ്വന്തമാക്കി.
















