അരുന്ധത്യനസൂയ ച സാവിത്രീ ജാനകീ സതീ
ദ്രൗപദീ കണ്ണകീ ഗാര്‍ഗീ മീരാ ദുര്‍ഗാവതീ തഥാ
ദക്ഷപ്രജാപതിയുടെ പുത്രിയും ശിവന്റെ പത്‌നിയുമായിരുന്നു സതീദേവി. സതിയുടെ പിതാവായ ദക്ഷന്‍ ഒരു മഹായജ്ഞം നടത്തി. എന്നാല്‍ അദ്ദേഹത്തിന് ശിവനോടുള്ള വിരോധം മൂലം യജ്ഞത്തിന് ശിവനേയും സതിയേയും ക്ഷണിച്ചില്ല. സതിയാകട്ടെ അച്ഛന്‍ നടത്തുന്ന ആ യജ്ഞസ്ഥാനത്തേക്ക് ക്ഷണിക്കപ്പെടാതെ തന്നെ എത്തി. അവിടെ വെച്ച് ദക്ഷന്‍ ശിവനെ അപമാനിച്ച് സംസാരിച്ചു. സതിക്ക് വളരെയധികം അപമാനം സഹിക്കേണ്ടി വന്നു. പതിയെ അപമാനിച്ചത് സഹിക്കവയ്യാതെ സതി അവിടുത്തെ യജ്ഞകുണ്ഡത്തില്‍ ചാടി. ദക്ഷന്റെ പെരുമാറ്റത്തിലും പത്‌നീവിയോഗത്തിലും ക്രുദ്ധനായ ശിവന്‍ തന്റെ ഭൂതഗണങ്ങളെ അയച്ച് യജ്ഞം മുടക്കി ദക്ഷനെ വധിച്ചു. അതിനുശേഷം ശിവന്‍ സതീദേവിയുടെ മൃതദേഹവുമെടുത്ത് ഭാരതമാകെ സഞ്ചരിച്ചു. ഉന്മത്തനായ ശിവന്റെ ശിരസ്സിലിരുന്ന സതീദേവിയുടെ ദേഹത്തെ വിഷ്ണുഭഗവാന്‍ ചക്രായുധം കൊണ്ട് കഷ്ണങ്ങളാക്കി. ആ യാത്രയില്‍ എവിടെയെല്ലാം സതിയുടെ ശരീരഭാഗങ്ങള്‍ വീണുവോ, അവിടെയെല്ലാം ശക്തി പീഠങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അങ്ങനെ ഭാരതമൊട്ടാകെ സ്ഥാപിക്കപ്പെട്ട 51 ശക്തിപീഠങ്ങള്‍, ഭാരതത്തിന്റെ സാംസ്‌കാരിക ഐക്യത്തിന്റെ പ്രതീകങ്ങളായി നില കൊള്ളുന്നു. സതി പിന്നീട് ഹിമവാന്റെ പുത്രിയായി പാര്‍വതി എന്ന പേരില്‍ ജനിച്ചു. ശക്തിയും ചണ്ഡിയും ഈ ദേവിയുടെ സ്വരൂപങ്ങള്‍ തന്നെ. ഈ രൂപങ്ങളില്‍ അവതരിച്ചാണ് ദേവി അസുരന്മാരെ നിഗ്രഹിച്ച് ഭൂമിയെ രക്ഷിച്ചത്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















