ന്യൂദല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധു പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ സിന്ധുവിനെ മോദി അഭിനന്ദനമറിയിച്ചു. വനിതാ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ 21-7, 21-7നാണ് സിന്ധു തകര്‍ത്തത്. ഒരു സ്വര്‍ണ്ണവും ഒരുപാട് മഹത്വവും വീട്ടിലെത്തിച്ച ചാമ്പ്യന്‍ ഭാരത്തിന്റെ അഭിമാനമാണ്. പി.വി സിന്ധുവിന്റെ പേരില്‍ ഭാരതം അഭിമാനിക്കുന്നു. കണ്ടതില്‍ സന്തോഷമുണ്ട്. സിന്ധുവിന്റെ ഭാവി പരിശ്രമങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ആദ്യമായി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതിലൂടെ പിവി സിന്ധു ചരിത്രം സൃഷ്ടിക്കുകയും ഭാരതത്തിന്റെ അഭിമാനം ഉയര്‍ത്തുകയും ചെയ്തു. ഇന്ത്യയ്‌ക്ക് കൂടുതല്‍ മഹത്വം കൈവരിക്കാനുള്ള സിന്ധുവിന്റെ പരിശ്രമങ്ങള്‍ക്ക് എന്റെ ആശംസകളെന്ന് സിന്ധുവിനെ കണ്ട ശേഷം കായികമന്ത്രി കിരന്‍ റിജിജു ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ സിന്ധുവിന് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.
ഇത് എന്നെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു നിമിഷമാണ്. ഒരു ഭാരതിയനെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. രാജ്യത്തിന് വേണ്ടി ഇനിയും നിരവധി മെഡലുകള്‍ നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു. കഠിനാധ്വാനമാണ് വിജയത്തിന്റെ താക്കോല്‍. എന്റെ ഓരോ ആരാധകനോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ സ്‌നേഹവും പിന്തുണയും കാരണമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നതെന്നും സിന്ധു പറഞ്ഞു.
















