അരുന്ധത്യനസൂയ ച സാവിത്രീ ജാനകീ സതീ
ദ്രൗപദീ കണ്ണകീ ഗാര്‍ഗീ മീരാ ദുര്‍ഗാവതീ തഥാ
സാധ്വികളില്‍ അഗ്രഗണ്യയായ സാവിത്രീദേവി നേരെത്തെ മനസ്സിലാക്കിയിരുന്നിട്ടും അല്പായുസ്സായിട്ടുള്ള സത്യവാനെത്തന്നെ ഭര്‍ത്താവായി സ്വീകരിച്ചു. സത്യവാന്റെ മരണത്തിന് നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ സാവിത്രി കഠിനവ്രതം സ്വീകരിച്ചു. നാലാം ദിവസം സത്യവാന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രാണന്‍ കൊണ്ടുപോകാനായി യമന്‍ എത്തി. സാവിത്രിയും യമനെ വിടാതെ പിന്തുടര്‍ന്നു. വഴിയില്‍ വെച്ച് യമനും സാവിത്രിയും തമ്മില്‍ സംഭാഷണം നടന്നു. സാവിത്രിയുടെ ശാലീനതയും ബുദ്ധിശക്തിയും ഉറച്ച പതിഭക്തിയും യമനെ വളരെയധികം ആകര്‍ഷിച്ചു. പ്രസന്നനായ അദ്ദേഹം സാവിത്രിയോട് ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ സത്യവാന്റെ ജീവനും സ്വകുലത്തിനും ഭര്‍തൃകുലത്തിനും സര്‍വമംഗളവുമാണ് ആവശ്യപ്പെട്ടത്. അങ്ങനെ സാവിത്രി പാതിവ്രത്യത്തിന്റെ ശക്തിമൂലം തന്റെ സൗഭാഗ്യങ്ങളെല്ലാം സംരക്ഷിച്ചു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















