കര്‍മയോഗം
ജ്ഞാനയോഗമാണോ കര്‍മയോഗമാണോ ശ്രേഷ്ഠം എന്ന അര്‍ജുനന്റെ ചോദ്യത്തിന് കൃഷ്ണന്‍ മറുപടി പറയുന്നു. ഈ ലോകത്തില്‍ അറിവുനേടി അറിവുകൊടുക്കുന്ന യജ്ഞമാണ് ജ്ഞാനയോഗികള്‍ ചെയ്യുന്നത്. ശാരീരികമായി, അര്‍പ്പണഭാവത്തോടെ നിരന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണ് കര്‍മയോഗികള്‍.
കര്‍മയോഗത്തിലൂടെയല്ലാതെ ജ്ഞാനയോഗത്തിലേക്കുള്ള പ്രവേശനം അസാധ്യമാണ്. ഈ പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളും നിരന്തരം കര്‍മനിരതമാണ്. കര്‍മേന്ദ്രിയങ്ങളെ ബലാല്‍ക്കാരമായി നിയന്ത്രിച്ച് മനസ്സിനെ നിയന്ത്രിക്കാതെയിരിക്കുന്നവന്‍ ശുദ്ധ തട്ടിപ്പുകാരനാണ്. എന്നാല്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് നിയന്ത്രിച്ച് അതാത് ഇന്ദ്രിയങ്ങളെ കര്‍മനിരതമാക്കാന്‍ അനുവദിക്കുന്നതാണ് ഉത്തമം.
അവനവന്‍ ചെയ്യേണ്ടതായ കര്‍മം ധര്‍മമായിട്ടാണ് കര്‍മയോഗികള്‍ അനുഷ്ഠിക്കുന്നത്. യജ്ഞഭാവത്തോടെ ത്യാഗപൂര്‍ണമായി കര്‍മമനുഷ്ഠിക്കുമ്പോള്‍ കര്‍മത്തോടും കര്‍മഫലത്തോടും കര്‍മയോഗികള്‍ക്ക് ബന്ധനമുണ്ടാകുന്നില്ല. കര്‍മയോഗത്തിലൂടെതന്നെയാണ് പ്രകൃതിയിലെ സര്‍വ ചരാചരങ്ങളും യജ്ഞഭാവത്തില്‍ കര്‍മനിരതമാകുന്നത്. യജ്ഞഭാവത്തിലുള്ളതും സമര്‍പ്പണഭാവത്തിലുള്ളതുമായ കര്‍മാനുഷ്ഠാനത്തിലൂടെ യോഗിക്ക് സര്‍വചൈതന്യവും പ്രകൃതിയും പ്രസാദിച്ചനുഗ്രഹിക്കുന്നു. പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളും യജ്ഞഭാവത്തില്‍ത്തന്നെ ചാക്രികമായി നിരന്തരം തുടരുന്നു.
ഈ ചക്രത്തിന്റെ ഭ്രമണത്തിന്റെ ഭാഗമായിത്തീരുന്നതാണ് ധര്‍മം. അതാണ് ആത്മസംതൃപ്തിക്ക് കാരണഭൂതമാകുന്നതും. ബന്ധം നിലനിര്‍ത്തുമ്പോഴും ബന്ധനമില്ലാതെ കര്‍മനിരതനാകുവാന്‍ കര്‍മയോഗിക്ക് കഴിയുന്നു.
(ഭഗവദ്ഗീതാ സന്ദേശം നിത്യ ജീവിതത്തില്‍
എന്ന പുസ്തകത്തില്‍നിന്ന്)
















