എടത്വാ: ചുഴലികാറ്റിലും മഴയിലും എടത്വാ കോഴിമുക്ക് പ്രദേശങ്ങളില്‍ വ്യാപകനാശം. മരങ്ങള്‍ കടപുഴകിയും കാറ്റിലും നിരവധി വീടുകളും പള്ളിമേടയും തകര്‍ന്നു. ഇന്നലെ വൈകിട്ട് ആറോടെ ആഞ്ഞുവീശിയടിച്ച കാറ്റിലും മഴയിലുമാണ് വ്യാപകനാശം നേരിട്ടത്. നിരവധി വീടുകളുടെ ഷീറ്റുകളും ഓടുകളും പറന്നുപോവുകയും മരങ്ങള്‍ കടപുഴകി വീഴുകയുമായിരുന്നു. വീടിനുള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കോഴിമുക്ക് സെന്റ് ജോസഫ് പള്ളി വികാരി താമസിക്കുന്ന കെട്ടിടത്തിന്റെ ഷീറ്റുകളാണ് പറന്നുപോയത്. വികാരി ഫാ. ബിജു കണ്ണാടിപാറ സ്ഥലത്തില്ലാത്തതിനാല്‍ അപകടമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പള്ളി ഓഡിറ്റോറിയത്തിന്റെ ഷീറ്റും നെല്ലിക്കല്‍ ആന്റണി മാത്യുവിന്റെ വീടിന്റെ ഷീറ്റുകളും പറന്ന് നെല്ലിക്കല്‍ മാര്‍ട്ടിന്റെ വീടിന്റെ പുറത്തുവീണ് വീട് പൂര്‍ണമായും തകര്‍ന്നു.
കന്നയില്‍ ജിമ്മിച്ചന്റെ വീടിന് മുകളിലേക്ക് പുളിമരം, മാവ്, പൂവരശ് എന്നിവ വീണാണ് വീട് തകര്‍ന്നത്. കന്നയില്‍ ജയിംസിന്റെ വീടിന് മുകളിലും മരങ്ങള്‍ വീണ് വീട് പൂര്‍ണമായും തകര്‍ന്നു.
മരം വീണ് കന്നയില്‍ കെ.ജെ. ആന്റണിയുടെ വീടും കാലിത്തൊഴുത്തും തകര്‍ന്നു. വീട് മുക്കാല്‍ ഭാഗവും പശുത്തൊഴുത്ത് പൂര്‍ണമായും തകര്‍ന്നു. പ്ലാവ് വീടിന്റെ മുകളില്‍ വീണതിനെ തുടര്‍ന്ന് പൂവത്തകുന്നേല്‍ പി.സി. ജോസഫിന്റെ വീടും തകര്‍ന്നു. കറുകയില്‍ മോന്‍സി, കുന്നേല്‍ ഔസേപ്പച്ചന്‍ എന്നിവരുടെ വീടുകളും മരം വീണ് തകര്‍ന്നു. മാവു വീണതിനെ തുടര്‍ന്ന് തെക്കേപേരങ്ങാട് ഔസേപ്പച്ചന്റെ വീട് ഭാഗികമായി തകര്‍ന്നു. വൈദ്യുതി ലൈനുകള്‍ പൊട്ടി കുഴിപടവ് പാടശേഖരത്തേക്ക് വീഴുകയും പോസ്റ്റുകള്‍ ചരിയുകയും ചെയ്തു. ഇതോടെ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്. തെളിഞ്ഞ അന്തരീക്ഷത്തില്‍നിന്ന് വൈകിട്ട് നിനച്ചിരിക്കാതെയാണ് കാറ്റും മഴയും ശക്തിപ്രാപിച്ചത്.
















