വടക്കാഞ്ചേരി: മലയോര ഗ്രാമമായ തെക്കുംകര വാഴാനി ഡാമിന്റെ പ്രകൃതി മനോഹാരിതയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബൃഹദ് പദ്ധതിക്ക് തുടക്കം. കിഫ്ബിയില്‍ നിന്ന് 63 കോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന പീച്ചി-വാഴാനി ടൂറിസം ഇടനാഴിക്ക് ടെണ്ടര്‍ പൂര്‍ത്തിയായി. സര്‍വ്വേ നടപടികള്‍ക്ക് മാത്രമായി 9 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
തെക്കുംകര പഞ്ചായത്തിലെ കരുമത്ര ആരോഗ്യ മാതാ പള്ളി പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഇടനാഴി പതിനെട്ടര കിലോമീറ്റര്‍ പിന്നിട്ട് ദേശീയ പാതയില്‍ മുടിക്കോട് എത്തിയാണ് സംഗമിക്കുക. ഏഴര മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങാണ് നടത്തുന്നത്. കരുമത്ര, പുന്നംപറമ്പ്, കുണ്ടുകാട്, പൊങ്ങണം കാട്, മാടക്കത്തറ, മുടിക്കോട് എന്നിങ്ങനെയാണ് ഇടനാഴി കടന്ന് പോവുക. 2016-17 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റിലാണ് ഇതിനാവശ്യമായ തുക പ്രഖ്യാപിച്ചത്.
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇകെകെ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് തീരുമാനം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി അസംസ്കൃത വസ്തുക്കള്‍ സൂക്ഷിക്കാന്‍ തെക്കുംകര കുണ്ടുകാടുള്ള 5 ഏക്കര്‍ സ്ഥലം കമ്പനി ഏറ്റെടുത്തു.
പദ്ധതിയുടെ ഭാഗമായി മന്ത്രി എ.സി മൊയ്തീന് ഇന്ന് തൃശൂര്‍ കളക്ട്രേറ്റില്‍ വിപുലമായ യോഗം വിളിച്ചിട്ടുണ്ട്. മാടക്കത്തറ, തെക്കുംകര, പാണഞ്ചേരി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും, വടക്കാഞ്ചേരി, ഒല്ലൂര്‍ മണ്ഡലങ്ങളിലെ എംഎല്‍എമാരും, തൃശൂര്‍, ആലത്തൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ എംപിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. മൂന്ന് സര്‍വ്വേയര്‍മാരുടെ നേതൃത്വത്തിലാണ് പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. തെക്കുംകര, കരുമത്ര വില്ലേജുകളിലെ വിവരശേഖരണം ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.
പുറമ്പോക്ക് ഒഴിപ്പിച്ചെടുക്കുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതം പരമാവധി കുറക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ പ്രഖ്യാപിക്കുമ്പോഴും പതിനെട്ടര കിലോമീറ്റര്‍ ദൂരം പാതയോരങ്ങളില്‍ താമസിക്കുന്നവര്‍ വലിയ ആശങ്കയിലാണ്. ഇവരുടെ ഭയാശങ്കകള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ 8ന് നടക്കുന്ന യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. റോഡ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കാതെ പാലക്കാട് നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ക്ക് യാത്ര ചെയ്യാം.
















