സാധാരണക്കാരെക്കുറിച്ചുള്ള കരുതല്‍ സുഷമയുടെ പ്രത്യേകതയാണ്. വിദേശകാര്യ വകുപ്പുമന്ത്രിയായിരിക്കെ, പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്, പാസ്പോര്‍ട്ടു കേസിലും വിദേശത്തുനിന്ന് ജഡമെത്തിക്കുന്നതിലും അടക്കം ഓരോരോ വ്യക്തികളും ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ഇടപെടേണ്ടയാളാണോ വകുപ്പുമന്ത്രിയെന്ന്. മന്ത്രിയെന്നാല്‍ ‘ആകാശക്കൊട്ടാരത്തില്‍ ആഡംബര ജീവിതം നയിച്ച് അനുയായികളെ ആജ്ഞാനുവര്‍ത്തികളാക്കി അടക്കി ഭരിക്കേണ്ടവരാണെന്ന’ ധാരണ ഉണ്ടായിപ്പോയവര്‍ക്കാണ് ആ സംശയം.
മന്ത്രിയായിരിക്കെയും അല്ലാത്തപ്പോഴും സുഷമ ചെയ്ത കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കണക്കില്ല, മാതൃകയില്ല. കൊല്ലത്ത് എച്ച്ഐവി ബാധിച്ച കുട്ടികള്‍ ബെന്‍സണേയും ബെന്‍സിയേയും മാറണച്ച് ഒരമ്മയുടെ വാത്സല്യം കൊടുത്തപ്പോള്‍ എച്ച്ഐവി എന്ന രോഗാവസ്ഥയോട് ഒരു ജനതയുടെ കാഴ്ചപ്പാടുതന്നെ മാറുകയായിരുന്നു. (ആ സംഭവത്തെക്കുറിച്ച് പത്രപ്രവര്‍ത്തകന്‍ എം.എസ്. സനില്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ വികാര ഭരിതമായ കുറിപ്പ് ഇതോടൊപ്പം വായിക്കാം. ചില കപട ജനപ്രേമികളുടെ യഥാര്‍ഥ മുഖം വെളിപ്പെടുകയും ചെയ്യും.)
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പുമന്ത്രിയായിരുന്നു സുഷമാ സ്വരാജ് കുറേക്കാലം. അന്നാണ് ദല്‍ഹിയില്‍ കിട്ടുന്ന ചികിത്സാ സൗകര്യമായ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) മാതൃകയില്‍ ആറു സംസ്ഥാനങ്ങളില്‍ ചികിത്സാ സംവിധാനം തുടങ്ങാന്‍ നിശ്ചയിച്ചത്. ഭോപ്പാല്‍ (മധ്യപ്രദേശ്), ഭുവനേശ്വര്‍ (ഒഡീഷ), ജോധ്പൂര്‍ (രാജസ്ഥാന്‍), പാറ്റ്ന (ബീഹാര്‍), റായ്‌പൂര്‍ (ഛത്തീസ്ഗഢ്), ഋഷീകേശ് (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളില്‍.
സ്ത്രീ സുരക്ഷാ പദ്ധതികള്‍, ചികിത്സാ സഹായങ്ങള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങി സുഷമയുടെ സ്ത്രീ സഹായ പദ്ധതികള്‍ ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ വിദേശകാര്യ വകുപ്പുമന്ത്രിയായിരിക്കെ, വകുപ്പിലെ നയമപരമായ കാര്യങ്ങള്‍ക്കും നടപടികള്‍ക്കും ഒരു വീഴ്ചയും വരുത്താതെ ആയിരക്കണക്കിന് പേര്‍ക്ക് ചെയ്തുകൊടുക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നവ സേവനങ്ങള്‍ സുഷമയെ സംബന്ധിച്ച് വലുതാണ്. കാരണം, ഒരു വ്യക്തിക്കു നല്‍കുന്ന ചെറു സഹായം ഒന്നിലേറെ കുടുംബങ്ങള്‍ക്കാണ്, ഒട്ടേറെ അംഗങ്ങള്‍ക്കാണ് ആശ്വാസമാകുന്നതെന്ന് ആത്മാര്‍ഥതയോടെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കറിയാം. ജനസേവനം മരണവീട്ടില്‍പോയി കണ്ണീര്‍ പൊഴിക്കുന്നതും ആഘോഷവേളകളില്‍ അതിഥിയായി മധുരം നുണയുന്നതുമല്ലെന്ന് അവര്‍ക്കറിയാം. സംഘടനാ പ്രവര്‍ത്തനത്തില്‍ വീടുകള്‍ക്കുള്ള പങ്കും അവിടങ്ങളിലെ സമ്പര്‍ക്ക സ്വാധീനവും എത്രയെന്നറിയാം.
പക്ഷേ, ഇതൊന്നും വോട്ടുകിട്ടാനല്ല. ആണെങ്കില്‍ അതിര്‍ത്തികള്‍ക്കപ്പുറമുള്ളവര്‍ക്ക് ഉറ്റവര്‍ക്കെന്നപോലെ സഹായങ്ങളും സഹകരണവും ഉറപ്പാക്കാന്‍ ഇത്ര ബദ്ധപ്പെടുമോ. അപ്പോള്‍ മാനവികതയാണ്, മാനുഷികതയാണ് അത്തരം സേവനങ്ങള്‍ക്കു പിന്നില്‍. ചിലര്‍ പറഞ്ഞേക്കാം പ്രശസ്തിക്കു വേണ്ടിയാണെന്ന്. പക്ഷേ, ‘എനിക്കാകും, നിങ്ങള്‍ക്കുമാകും, ആകണം’ എന്ന പ്രേരണയ്‌ക്കാണ് ഈ പ്രചാരണങ്ങള്‍.
ആ ലക്ഷ്യം സാധിക്കുന്നുണ്ട്, അതുകൊണ്ടാണ് ഒരു പ്രമുഖ വിദേശകാര്യ നിരീക്ഷകന്‍ പറഞ്ഞത്, ”നിങ്ങള്‍ ഇക്കാര്യങ്ങള്‍ മന്ത്രി സുഷമാ സ്വരാജിന് ട്വിറ്ററില്‍ അറിയിക്കൂ. കാര്യം നടക്കാതിരിക്കില്ല,” എന്ന്. അതുകൊണ്ടാണ്, ഒരു വിദേശ എംബസിയിലെ ഉദ്യോഗസ്ഥന്‍ എഴുതിയത്, ” ..ഞങ്ങള്‍ക്കാകില്ല എന്നു പറഞ്ഞൊഴിയാന്‍ ഇപ്പോള്‍ കഴിയുന്നില്ല, കാരണം മന്ത്രി സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശം വരും, അതിങ്ങനെ ചെയ്താല്‍ മതിയെന്ന്.” ഈ സ്വാധീനങ്ങള്‍ ചെറുതല്ലല്ലോ. നമുക്ക് വിദേശ ഇന്ത്യക്കാരുടെ കാര്യങ്ങള്‍ നോക്കാന്‍ മാത്രം കേന്ദ്ര മന്ത്രാലയവും മന്ത്രിയുമുണ്ടായിരുന്നു മുമ്പ്. മലയാളി ആ വകുപ്പുമന്ത്രിയായി വരികയും ചെയ്തു. അന്ന് ഒന്നും ചെയ്തിട്ടില്ലെന്നും പറയാനാവില്ല. പക്ഷേ ചെയ്തതിന്റെ മേഖലയും ചെയ്ത തോതും നേട്ടംകിട്ടിയവരുടെ കണക്കുമൊക്കെ ഇപ്പോള്‍ താരതമ്യം ചെയ്യാന്‍ അവസരമാണ്.
പട്ടിക നിരത്തിയാല്‍
മന്ത്രി സുഷമയുടെ സഹായങ്ങളില്‍ ഏറെ ശ്രദ്ധേയമായ, ലോകംമുഴൂവന്‍ ചര്‍ച്ചചെയ്ത സേവനവൃത്തികളില്‍ ചിലത് ഇവയാണ്:
– മൂന്നരവയസുള്ള പാക്കിസ്ഥാനിയായ കുഞ്ഞിന് ഇന്ത്യയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്യാന്‍ നല്‍കിയ പാസ്പോര്‍ട്ട് ലഭ്യമാക്കല്‍ സഹായം. അത് നൂര്‍മ ഹബീബെന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു.
– പാക്കിസ്ഥാനില്‍നിന്നുള്ള നാലുമാസം പ്രായമായ റോഹന് ഹൃദയ ശസ്ത്രക്രിയക്ക് ചെയ്തുകൊടുത്ത സഹായം. കമാല്‍ സിദ്ദിഖി എന്ന അച്ഛന്‍ മന്ത്രി സുഷമയ്‌ക്ക് നന്ദി അറിയിച്ച് നല്‍കിയ സന്ദേശം ലോകമെമ്പാടും ചര്‍ച്ച ചെയ്തു.
– അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് ചാരപ്രവര്‍ത്തനം ആരോപിച്ച് പിടികൂടി പാകിസ്ഥാന്‍ ജെയിലിലടച്ച, കുല്‍ഭൂഷണ്‍ യാദവിന്റെ ബന്ധുക്കള്‍ക്ക് അദ്ദേഹത്തെ കാണാന്‍ അവസരം ഒരുക്കിയ സംഭവം. ജമ്മു കശ്മീര്‍ വിമോചന മുന്നണി നേതാവും വിഘടനവാദി തലവന്മാരില്‍ ഒരാളുമായ യാസിന്‍ മാലിക്പോലും ഈ വിഷയത്തില്‍ മന്ത്രി സുഷമയെ അഭിനന്ദിച്ച് കത്തെഴുതി.
– പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ പലയിടങ്ങളില്‍ നിന്നയച്ച സഹായാപേക്ഷകള്‍ക്ക് അപ്പപ്പോള്‍ പരിഹരം കണ്ടു.
– ബധിരയും ഊമയുമായ ഗീത എന്ന, പാകിസ്ഥാനില്‍നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളെ പിരിഞ്ഞുപോയപ്പോള്‍ ഗീതയ്‌ക്ക് ബന്ധുക്കളെ കണ്ടെത്താന്‍ സുഷമ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടി.
– നാലു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ കഷ്ടത്തിലായിരുന്ന 90,0000 ഇന്ത്യക്കാരെ സുഷമയും മന്ത്രാലയവും രക്ഷപ്പെടുത്തി.
– യെമനിലെ യുദ്ധ പ്രതിസന്ധിക്കിടെ 4741 ഇന്ത്യക്കാരെ സുഷമയും കൂട്ടരും രക്ഷപ്പെടുത്തിയതാണ് ഏറ്റവും വിജയകരമായ സംഭവം. അതിസാഹസികമായിരുന്നു അത്. ഇന്ത്യക്കാരെ മാത്രമല്ല, 48 ലോകരാജ്യങ്ങളില്‍നിന്ന് 1947 പേരെക്കൂടി ഓപ്പറേഷന്‍ ‘റാഹത്’ എന്ന ആ രക്ഷാപ്രവര്‍ത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. സമാനമായ സാഹസിക പ്രവര്‍ത്തനമാണ് ലിബിയയിലും ഇറാഖിലും ചെയ്തത്.
– എട്ടു വയസുള്ള ഇന്ത്യന്‍ കുട്ടിയുമായി യെമനില്‍ കുടുങ്ങിപ്പോയ സാബാ ഷാവേഷ് എന്ന യുവതിയുടെ ഒറ്റ ട്വീറ്റില്‍ അവരെ രക്ഷപ്പെടുത്തി.
– യുഎഇയില്‍ മനുഷ്യക്കടത്തിനിരയായ സ്ത്രീയെ രക്ഷപ്പെടുത്തിയത് വലിയ വാര്‍ത്തയായി.
– കൈയില്‍ പാസ്പോര്‍ട്ടും ചില്ലിക്കാശുമില്ലാതെ ജന്‍മനിയില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടിയെ രക്ഷിച്ചെടുത്തതിനു കിട്ടിയ പ്രശംസകള്‍ ഏറെയാണ്.
– സൗദിയില്‍ തൊഴിലുടമ കൈയറുത്ത വീട്ടമ്മയെ രക്ഷിക്കുന്ന ദൗത്യം ഏറ്റെടുത്തു. ഇങ്ങനെ എത്രയെത്ര!
ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഉപേക്ഷിക്കുമെന്ന് പറഞ്ഞുവെന്നും സഹായിക്കണമെന്ന് അറിയിച്ച് സുജാതാ സൂക്രിയെന്ന സ്ത്രീ മന്ത്രി സുഷമയോട് ട്വിറ്ററില്‍ സഹായം ചോദിച്ച സംഭവം വരെ ഉണ്ടായി. ”അത്തരത്തില്‍ വഴിതെറ്റിയ ഭര്‍ത്താവിനെ ശിക്ഷിക്കാന്‍” എനിക്ക് അധികാരമില്ലെന്ന് സുഷമ മറുപടി കൊടുത്തു. പക്ഷേ, ഒരു മന്ത്രിയെന്നതിനപ്പുറം സുഷമയെ ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്നതിന് തെളിവാണിത്.
















