തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. അവിശ്വസനീയമായ വാര്‍ത്തയാണ് ഇതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ദീര്‍ഘകാലത്തെ വ്യക്തിപരമായ ബന്ധം സുഷമ സ്വരാജുമായി ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരില്‍ സഹമന്ത്രിയായി ചുമതലയെടുത്തതിന് ശേഷം അവരെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നതാണ്. എന്ത് ആവശ്യമുണ്ടെങ്കിലും, എന്ത് സംശയമുണ്ടെങ്കിലും നേരിട്ട് വരണമെന്ന് ഒരു ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനത്തുനിന്ന് തന്നോട് പറഞ്ഞിരുന്നു.
മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായത്. തിരുവനന്തപുരത്ത് വരുമ്പോള്‍ പരിപാടി ഇല്ലെങ്കില്‍ പോലും എയര്‍പോര്‍ട്ട് വഴി പോകുമ്പോള്‍ വരണം എന്ന് പറയാറുണ്ട്. അത്രയുമധികം സ്‌നേഹത്തോടെ പെരുമാറിയിരുന്നു.
തന്നെ സംബന്ധിച്ചിടത്തോളം മുന്‍ വിദേശകാര്യമന്ത്രി എന്നതിലുപരി വ്യക്തിപരമായ ബന്ധത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ തനിക്കപ്പോള്‍ അവരെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.
വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുഷമയുടെ നില വഷളായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ദല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാദത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.
















