സുഷമാ സ്വരാജ് ഏഴുതവണ പാര്‍ലമെന്റംഗമായി. മൂന്നുതവണ എംഎല്‍എ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍, 25 ാം വയസില്‍ എംഎല്‍എ ആയി. 27 ാം വയസില്‍ സംസ്ഥാന മന്ത്രി (ഹരിയാന) ആയി. ദല്‍ഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി.
പ്രധാനമന്ത്രിയായിരിക്കെ വിദേശകാര്യ വകുപ്പും നോക്കിയ ഇന്ദിരാഗാന്ധിയെ കൂട്ടാതെ പരിഗണിച്ചാല്‍ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയുമായി. കുറഞ്ഞ പ്രായത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ, ബിജെപിയുടെ ദേശീയ ഭാരവാഹിയും പാര്‍ട്ടി വക്താവുമായി, ആദ്യത്തെ വനിതാ വക്താവും. ലോക്സഭയിലെ ആദ്യ പ്രതിപക്ഷ വനിതാ നേതാവായി. രാജ്യസഭയില്‍ ബിജെപിയുടെ പ്രതിപക്ഷ ഉപനേതാവായി.
മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ്നേടിയ ഏക വനിതാ അംഗവും സുഷമയാണ്. നാലു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതയും… ഇങ്ങനെ സുഷമയുടെ വ്യത്യസ്തമായ റിക്കാഡുകള്‍ ഇങ്ങനെ ഏറെയുണ്ട്. 2014-ല്‍ അമേരിക്കയിലെ പ്രമുഖ പത്രമായ വാള്‍ സ്ട്രീറ്റ് ജേണല്‍ ”ലോകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്‌ട്രീയ നേതാവായി” സുഷമാ സ്വരാജിനെ തിരഞ്ഞെടുത്ത് അവതരിപ്പിച്ചു.
അടല്‍ ബിഹാരി വാജ്പേയിയുടെ 13 ദിവസത്തെ സര്‍ക്കാര്‍ പലതുകൊണ്ടും ചരിത്രമായിരുന്നു. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ സംഭവിക്കുമെന്ന് അധികംപേരും പ്രതീക്ഷിക്കാഞ്ഞ രാഷ്‌ട്രീയം. ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തിന്റെ വിധി തിരുത്തിയെഴുതിയ സംഭവം. ഒട്ടേറെ രാഷ്‌ട്രീയ പാഠങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച അവസരം. തീര്‍ന്നില്ല, രാഷ്‌ട്രീയ അസ്പൃശ്യത, ആദര്‍ശ പ്രതിബദ്ധത, ജനാധിപത്യ ശക്തി, ജനാധിപത്യ സംവിധാനത്തിന്റെ ഇന്ത്യന്‍ വിശ്വാസ്യത, വ്യക്തിത്വ വിശേഷങ്ങള്‍ ഒക്കെ പ്രകടമാക്കപ്പെട്ട അവസരം.
















