ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ ബില്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തേയ്‌ക്ക്. റായ്ബറേലി സദര്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാരിനേയും അമിത്ഷായേയും പിന്തുണച്ചുകൊണ്ട് രംഗതെത്തിയിരിക്കുന്നത്. ഗാന്ധികുടുംബത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദിതി സിങ്ങ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട രാഹുല്‍ ബ്രിഗേഡിന്റെ നേതാവ് കൂടിയാണ് അദിതി. ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഇതില്‍ എതിര്‍ക്കുന്നതില്‍ കാര്യമില്ല.
വിഷയത്തില്‍ പാര്‍ട്ടി മുതിര്‍ന്ന നേതാക്കളായ ജനാര്‍ദ്ദന്‍ ദ്വിവേദി, ഹരിയാണ നേതാവ് ദീപേന്ദര്‍ ഹൂഡ, മുന്‍ എംപി ജ്യോതി മിര്‍ദ്ദ എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് രംഗതെത്തിയിരുന്നു. അതിനു പിന്നാലെയാണ് അദിതിയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നതാണ് ഈ നിയമമെന്നാണ് അദിതി സിങ് അറിയിച്ചത്. ചരിത്ര തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടത്. ഇതില്‍ രാഷ്‌ട്രീയവത്കരിക്കേണ്ട ആവശ്യമില്ല. ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള നടപടിയില്‍ അഭിനന്ദിക്കുകയാണ് വേണ്ടത്. ഇതില്‍ എതിര്‍ക്കേണ്ട കാര്യമില്ല. കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദിതി സിങ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
അതേസമയം കശ്മീര്‍ വിഷയം കൂടുതല്‍ പരുങ്ങലില്‍ ആക്കിയിരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിനേയാണ്. വിഷയത്തില്‍ എന്ത് നിലപാട് എടുക്കണമെന്നത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിന് തന്നെ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതിരുന്നതാണ് ഇതിനുള്ള കാരണം. ഇതോടെ നേതാക്കളില്‍ പലരും അമിത്ഷായേയും കേന്ദ്രത്തേയും അഭിനന്ദിച്ച് രംഗതെത്തുകയും ചെയ്തു. ഗുലാം നബി ആസാദും, പി. ചിദംബരവും മാത്രമാണ് ഈ ബില്ലിനെ എതിര്‍ത്ത് സംസാരിച്ചത്. ഈ നിലപാടില്‍ പ്രതിഷേധിച്ച് അസമില്‍ നിന്നുള്ള മുതിര്‍ന്ന അംഗവും രാജ്യസഭയിലെ വിപ്പുമായ ഭുവനേശ്വര്‍ കലിത പാര്‍ട്ടിയില്‍ നിന്നും രാജി വെയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായം ഉടലെടുത്തു. പിന്നീട് ലോകസഭ അവതരണത്തിനു മുമ്പാകെ എംപിമാരുടെ അടിയന്തിര യോഗം ചേര്‍ന്നാണ് ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നു രാഹുല്‍ ഗാന്ധി രാജി വെച്ചതിനെ തുടര്‍ന്ന് നേതൃത്വത്തില്‍ ആളില്ലാത്തതുകൊണ്ടാണ് കൃത്യമായ നിലപാട് എടുക്കാന്‍ സാധിക്കാതിരുന്നതെന്നാണ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. കശ്മീരിലെ നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
















