ഭാരതീയഭാഷകളിലെ നവോത്ഥാന കാലഘട്ടമായ പതിനാറാം നൂറ്റാണ്ടില്‍ കൊങ്കണിയിലും ഒരു രാമായണഗ്രന്ഥമുണ്ടായിട്ടുണ്ട്. പോര്‍ത്തുഗലിലെ ബ്രാഗാനഗരത്തില് ജില്ലാ ആര്‍ക്കൈവ്സില്‍ കൈയെഴുത്തു പ്രതികളും പുരാതന ഗ്രന്ഥങ്ങളും സൂക്ഷിച്ചുവെച്ച കൂട്ടത്തില്‍ കൊങ്കണി രാമായണവും ഉള്‍പ്പെടുന്നു.
ഗോവയിലെ സാല്‍സെറ്റ് പ്രവിശ്യയില്‍ സുവാരിനദിക്കരയിലെ കര്‍ദലി അഥവാ കുട്ടാളിം എന്ന ഗ്രാമത്തില്‍ 15-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ജനിച്ച കൃഷ്ണദാസ് ശാമ മൂന്നു ഗ്രന്ഥങ്ങള്‍ തയ്യാറാക്കിയിരുന്നു. അതിന്റെ രചനാ കാലം 1563 ആയിരുന്നു എന്നാണ് പണ്ഡിതമതം. ഗ്രന്ഥത്തിന്റെ മൂലലിപി ‘കാന്ദവി’ ആയിരുന്നു. രാമായണത്തിനുപുറമെ ശ്രീകൃഷ്ണചരിതകഥ, മഹാഭാരതം, അശ്വമേധചരിതം എന്നിവയും കൃഷ്ണദാസ്ശാമ രചിച്ചു.
പോര്‍ത്തുഗീസ് ഭരണകാലത്ത് തീവെച്ചുനശിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ കൃഷ്ണദാസ് ശാമയുടെ കൃതികളും ഉള്‍പ്പെട്ടു. ഇങ്ങനെയൊരു പുസ്തകം ബ്രാഗയിലെ ഗ്രന്ഥശാലയില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് ലോകം അറിഞ്ഞുതുടങ്ങിയത് 1950-ല്‍ മാത്രമാണ്. മരിയാനോ സല്‍ദാന എന്ന ഗവേഷകന് 772-ാം നമ്പറായി രാമായണം (കൊങ്കണിയില്‍) അവിടെ ഉണ്ടെന്ന കാര്യം വെളിപ്പെടുത്തി. റോമന്‍ലിപിയില്‍ കേട്ടെഴുതി 700-ല്‍പരം താളുകളിലായി വ്യാപരിച്ചുകിടക്കുന്ന ഗ്രന്ഥമാണ് കൃഷ്ണദാസ് ശാമയുടെ ഇന്നു ലഭ്യമായ കൊങ്കണിരാമായണം.
ഒരു പോര്‍ത്തുഗീസ് സന്ദര്‍ശനവേളയില്‍ രാമായണത്തിന്റെ മൈക്രോ ഫിലിം സംഘടിപ്പിക്കാന്‍ സാധിച്ച ഡോ. ഒലിവിനോ ഗോമസ് ’16-ാം നൂറ്റാണ്ടിനു മുമ്പത്തെ കൊങ്കണിരാമായണം’ എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകം തയ്യാറാക്കി. ദേവനാഗരി ലിപിയില്‍ 1996-ല്‍ അദ്ദേഹംതന്നെ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഗോവ സര്‍വ്വകലാശാലയുടെ കൊങ്കണി എം.എ പരീക്ഷയ്ക്കും സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ കൊങ്കണി പേപ്പറിലേക്കും പാഠ്യപുസ്തകമാക്കിയിട്ടുണ്ട്.
കൃഷ്ണദാസ് ശാമയുടെ ചിത്രമോ രൂപരേഖയോ ലഭ്യമല്ല. എന്നിരുന്നാലും സാഹിത്യകൃതികളിലൂടെ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുവാന്‍ ഗോവയിലെ സഹൃദയരും സര്‍ക്കാരും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഗോവാ സംസ്ഥാനത്തെ സെന്‍ട്രല്‍ ലൈബ്രറിക്ക് ‘കൃഷ്ണദാസ് ശാമ ഗോവാ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി’ എന്നു പേരിട്ടിരിക്കുന്നു. കൃഷ്ണദാസ് ശാമയുടെ കൊങ്കണിരാമായണം കാന്ദവിലിപി(ഗോംയ് കാനഡി)യില്നിന്ന് റോമന്‍ ലിപിയിലേക്ക് ലിപ്യന്തരംചെയ്ത ഒരു പുസ്തകത്തിന്റെപകര്പ്പ് ഈ ഗ്രന്ഥാലയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പില്ക്കാലത്ത് കൊങ്കണിഭാഷയില്‍ വിവിധ ലിപികളില്‍ വേറെയും രാമായണ കൃതികള്‍ ഉണ്ടായിട്ടുണ്ട്. ഗോവയില്‍നിന്ന് കര്‍ണ്ണാടകത്തിലേക്കും കേരളത്തിലേക്കും കുടിയേറിപ്പാര്‍ത്ത വിവിധ കൊങ്കണി സമുദായക്കാരുടെ ഇടയില്‍ വാമൊഴിയായി രാമായണ സന്നിവേശങ്ങള്‍ ഇന്നും പ്രചാരത്തിലുണ്ട്.
9847973039
പ്രതികരിക്കാൻ ഇവിടെ എഴുതുക: