റായ്‌പൂര്‍ : ഛത്തീസ്ഗറിലെ ബസ്തര്‍ ജില്ലയില്‍ നക്‌സലുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. സ്ഫോടനത്തില്‍ ബീഹാറിലെ നളന്ദ ജില്ല സ്വദേശിയായ റൗഷന്‍ കുമാറാണ് (23) കൊല്ലപ്പെട്ടത്.
രാവിലെ ആറുമണിയോടെയാണ് ബസ്തറില്‍ പുഷ്പാലിലെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ (സിആര്‍പിഎഫ്) 195 ആം ബറ്റാലിയന്റെ ക്യാമ്പിന് സമീപം സ്ഫോടനം നടന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പട്രോളിംഗ് ടീമുകളിലൊന്ന് നക്‌സല്‍ വിരുദ്ധ ഓപ്പറേഷന് ശേഷം മടങ്ങുകയായിരുന്നു.
ബസ്തര്‍, ദന്തേവാഡ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനങ്ങളില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് സേന പ്രവര്‍ത്തനം ആരംഭിച്ചത്. ബോഡ്ലി ഗ്രാമത്തിനടുത്തുള്ള റോഡ് നിര്‍മാണ സൈറ്റിലൂടെ സംഘം കടന്നുപോകുമ്പോള്‍ അബദ്ധത്തില്‍ ഐഇഡിയിലേക്ക് കാലെടുത്തുവച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റൗഷന്റെ മൃതദേഹം പുഷ്പാല്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ദന്തേവാഡയിലെ ബര്‍സൂരിലെ ബറ്റാലിയന്‍ ആസ്ഥാനത്തേക്കും കൊണ്ടുപോകും.
















