പ്രശ്നസമ്പ്രദായം ജ്യോതിശ്ശാസ്ത്രത്തിലെ വലിയ സാധ്യതയാണെന്ന് മനസ്സിലാക്കുന്നത് അമ്പലപ്പാറയിലെ ഒരു ഞായറാഴ്ച ക്ലാസ്സിലാണ്. മൂന്നുവര്‍ഷം നീണ്ട പഠനത്തില്‍ അവസാന വര്‍ഷ വിഷയം പ്രശ്നമായിരുന്നു.
നിമിത്തങ്ങളുടെ ഒരു പട്ടിക തന്നെ ഗുരുനാഥന് അവതരിപ്പിച്ചു.
നല്ല നിമിത്തങ്ങള്‍:-
വിവാഹിതയല്ലാത്ത സര്‍വ്വാഭരണഭൂഷിതയായ സ്ത്രീ.
തുറന്ന കതക്.
മുകളിലേക്ക് കയറിപ്പോകുന്ന ആള്.
തലയ്ക്കു മുകളിലൂടെ പറക്കുന്ന പക്ഷി.
മയില്‍പ്പീലി.
വിശറി.
എതിരെ വരുന്ന അലക്കുകാരന്.
ഒറ്റയല്ലാത്ത ബ്രാഹ്മണര്‍.
സൂര്യനമസ്കാരം ചെയ്യുന്നത് കാണല്‍.
കത്തുന്ന വിളക്ക്.
ദുര്നിമിത്തങ്ങള്:-
കമിഴ്ത്തി വെച്ച പാത്രം.
ഉടഞ്ഞ തേങ്ങ.
ഒഴിഞ്ഞ എണ്ണക്കുപ്പി.
കറ, ചെളി പുരണ്ട വസ്ത്രം.
തൈര്.
വീണു കിടക്കുന്ന കവുങ്ങു മരം.
വൈക്കോല്‍.
കാലിപ്പെട്ടി.
വാടിയ പൂമാല.
താഴേക്ക് വീഴുന്ന മണല്‍.
നിമിത്തമാണ് പ്രശ്നത്തിന്റെ ആണിക്കല്ല്. പ്രശ്നഫലത്തിലേക്ക് നയിക്കുന്ന സൂചിക. നല്ല നിമിത്തത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് എന്നൊന്നില്ല. പ്രശ്നഫലം എപ്രകാരമായിരിക്കുമോ അതിനെ സാധൂകരിക്കുന്ന നിമിത്തം താനേ രൂപപ്പെട്ടിരിക്കും.
കളഞ്ഞുപോയ ഒരു താക്കോല്‍ പ്രശ്നത്തിലൂടെ കണ്ടെടുത്ത അനുഭവം ഗുരുനാഥന് ഉദാഹരണമായി പറഞ്ഞു.
ഒരു നാള് കാലത്ത് ഗുരുനാഥന് എഴുന്നേല്ക്കുമ്പോള് മാറത്ത് പൂണൂല് കാണുന്നില്ല. പൂണൂല് വേറെ മാറ്റാം. പൂണൂലിന്റെ ഞാണില്‍ കെട്ടിയിട്ട ആഭരണപ്പെട്ടിയുടെ താക്കോലുണ്ട്. അതു നഷ്ടപ്പെട്ടതാണ് അദ്ദേഹത്തെ കുഴക്കിയത്. എല്ലാം അതിനകത്താണ്. ഒരു രണ്ടാം താക്കോല്‍ ഇല്ലതാനും. തലേന്ന് സന്ധ്യക്ക് പുഴയിലായിരുന്നു കുളി. ആ സന്ധ്യാസ്നാനത്തില്‍ നഷ്ടപ്പെട്ടിരിക്കുമെന്ന് വീട്ടുകാര്‍ നിരൂപിച്ചു. എന്നാല്‍ രാത്രി കിടക്കാന്‍ നേരം മാറില്‍ പൂണൂലുണ്ടായിരുന്നതായി ഗുരുനാഥന് കൃത്യമായ ഓര്‍മ്മയുണ്ട്. ഇനി ഉറക്കത്തില്‍ കള്ളന് മോഷ്ടിച്ചതാണെങ്കില്‍ അവന് ആ പെട്ടി തുറന്ന് പണ്ടങ്ങളത്രയും തിരുടേണ്ടതായിരുന്നു. അതുണ്ടായിട്ടുമില്ല. സകലദിക്കിലും തിരഞ്ഞു. കിട്ടിയില്ല. അന്ന് ജാതകപരിശോധന വേണ്ടെന്നു വെച്ചു.
മനസ്സ് അവസ്ഥപ്പെട്ടിരിക്കുമ്പോള്‍ മുന്നില്‍ വിരല്‍ ഞൊടിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്.
”ഇന്ന് ജാതകം നോക്ക്ണില്യ….”, ഗുരുനാഥന് അറിയിച്ചു.
”അയ്യോ അങ്ങനെ പറയരുത് തിരുമേനീ…”, ചെറുപ്പക്കാരന് നിസ്സഹായനായി കൈകൂപ്പി.
കൈകാര്യം ചെയ്യുന്ന ശാസ്ത്രം സേവനമായതുകൊണ്ട് ഗുരുനാഥന് അകത്തുവരാന്‍ പറഞ്ഞു. ചെറുപ്പക്കാരന്റെ ഇരിപ്പുരീതി, അംഗവിക്ഷേപങ്ങള്‍, വസ്ത്രനിറം എല്ലാം കണ്ടപ്പോള്‍ ഒരു നഷ്ടപ്രശ്നമാണ് വിഷയമെന്ന് അദ്ദേഹത്തിന് അകക്കണ്ണില്‍ തോന്നി. ഗ്രഹസ്ഥാനങ്ങള്‍ അടയാളപ്പെടുത്തി. ഉദയലഗ്നം കുറിച്ചുവെച്ചു. കവിടികള്‍ കൂട്ടിമുട്ടി. എണ്ണിയും വേര്‍തിരിച്ചും ആരൂഢം തിട്ടപ്പെടുത്തിയ ഗുരുനാഥന് ചെറുപ്പക്കാരന്റെ മുഖത്ത് സൗമ്യനായി.
”കളവു പോയത് ഒരു ലോഹമല്ലേ?”
ചെറുപ്പക്കാരന്റെ മേലൊട്ടുക്ക് രോമം എഴുന്നു.
”ആ ലോഹത്തിന് വലിയ വിലയില്ലെങ്കിലും അതുകൊണ്ട് വിലപ്പെട്ടത് ചിലത് കിട്ടാനുണ്ട്…ശരിയല്ലേ?”
”അതേ തിരുമേനി…”
ചെറുപ്പക്കാരന് ചെറുതായി വിറയ്ക്കാന്‍ തുടങ്ങി.
ഗുരുനാഥന് ചില ശ്ലോകങ്ങള്‍ നനുത്തു ചൊല്ലി. ജിജ്ഞാസയുടെ മുള്‍മുനയില്‍ ചെറുപ്പക്കാരന് വിയര്‍ത്തുപൊടിഞ്ഞു.
”അതെനിക്ക് കിട്ടുമോ ആവോ?”
”കിട്ടും”, ദൈവജ്ഞന് കണ്ണു കൂര്‍പ്പിച്ചു. ”ഒരു ഉപദ്വീപില്‍ അതു വിശ്രമിക്കുന്നുണ്ട്…”
”ഉപദ്വീപോ?”, ചെറുപ്പക്കാരന് തൊണ്ട മുറിഞ്ഞു.
”ഉപദ്വീപെന്നാല്‍ അതിന് സമാനമായ ദിക്ക് എന്നര്‍ത്ഥം…”
”മനസ്സിലായില്ലല്ലോ…”
”ഇംഗ്ലീഷില്‍ പെനിന്‍സുല എന്നുപറയില്ലേ… ചുറ്റും വെള്ളത്താല്‍ മൂടപ്പെട്ട എന്നാല്‍ ഒരു പ്രവേശനമാര്‍ഗ്ഗമുള്ള ദ്വീപ്?…”
”അയ്യോ!”, ചെറുപ്പക്കാരന് ദാ കരയുമെന്നായി. ”അതെന്തു ദ്വീപ്?”
ഗുരുനാഥന് ചിന്തയില്‍ നീരാടി. വിരലുകള്‍ ഞൊടിച്ചു. പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
”ഈ സാഹചര്യത്തില്‍ ഒരു പുസ്തകത്തെ വേണമെങ്കില്‍ നമുക്ക് ദ്വീപായി സങ്കല്പിക്കാം.. ആലോചിച്ചു നോക്കൂ…”
മൂന്നു ഭാഗം അട്ട. ഒരു പ്രവേശനമാര്‍ഗ്ഗം.
വീട്ടില്‍വന്ന് തിരഞ്ഞപ്പോള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ 173-ാം പേജില്‍നിന്ന് നഷ്ടവസ്തു കണ്ടുകിട്ടി.
ബാങ്ക് ലോക്കറിന്റെ താക്കോല്‍!
നാലു ദിവസം കഴിഞ്ഞാല്‍ പെങ്ങളുടെ കല്യാണം. കല്യാണത്തിനണിയേണ്ട ആഭരണങ്ങളത്രയും ലോക്കറില്‍. അച്ഛന് താക്കോല്‍ അയാളെ ഏല്‍പ്പിക്കുകയായിരുന്നു. അത് സുരക്ഷിതമായ ദിക്കില്‍ സൂക്ഷിക്കുന്നതിനു പകരം ഐതിഹ്യമാലയ്ക്കുള്ളില്‍ വെച്ചത് എന്തുകൊണ്ടായിരിക്കാം? ആവോ ആര്‍ക്കറിയാം? അതിനും കാണും എന്തെങ്കിലും നിമിത്തങ്ങള്‍!
താക്കോല്‍ നഷ്ടപ്പെട്ടതറിയിക്കാതെ പകര്‍പ്പു താക്കോല്‍ ബാങ്കിലുണ്ടാവുമെന്ന കരുതലില്‍ മാനേജരെ സമീപിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യമറിഞ്ഞത്. ബാങ്ക് ലോക്കറുകള്‍ക്ക് പകര്‍പ്പു താക്കോല്‍ എന്നൊരു സംവിധാനമില്ല. ബാങ്കിന്റെ കൈവശം ഒരു താക്കോലും ഉപഭോക്താവിന്റെ കയ്യില്‍ ഒരെണ്ണവും. രണ്ടുമുണ്ടെങ്കിലേ ലോക്കര്‍ തുറക്കാന്‍ കഴിയൂ. ആകെ വിഷമസന്ധിയിലായി ചെറുപ്പക്കാരന്.
ഹൃദയസൂക്ഷിപ്പുകാരനായ സതീശനോട് സങ്കടം പങ്കുവെച്ചപ്പോള്‍ അയാളാണ് അമ്പലപ്പാറയിലെ ദൈവജ്ഞനെ നിര്‍ദ്ദേശിച്ചത്.
നിമിത്തമാണ് പ്രശ്നഫലത്തിലേക്ക് നയിക്കുന്ന സൂചിക എന്നത് എത്ര വാസ്തവം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: