ഗാന്ധിനഗര്‍: ഗുജറാത്തിലെ ജുനഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം. തെരഞ്ഞെടുപ്പ് നടന്ന 56 സീറ്റുകളില്‍ 51ലും ബിജെപി വിജയിച്ചു. ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.നാല് സീറ്റുകള്‍ നേടി എന്‍സിപി രണ്ടാമതെത്തി. അറുപതംഗ കോര്‍പ്പറേഷനിലെ 56 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 21ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മൂന്ന് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചപ്പോള്‍ മറ്റൊരു സീറ്റില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിനെ തള്ളി എന്‍സിപി നാല് സീറ്റ് നേടിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. കഴിഞ്ഞ തവണത്തെ 15 സീറ്റില്‍ നിന്ന് ഒന്നിലേക്കുള്ള വന്‍ വീഴ്ചയാണ് കോണ്‍ഗ്രസിനുണ്ടായത്. കോര്‍പ്പറേഷനിലെ നാലാം വാര്‍ഡില്‍ നിന്ന് മത്സരിച്ച മഞ്ജുലേബന്‍ പന്‍സാരയാണ് പാര്‍ട്ടിയുടെ മുഖം രക്ഷിച്ചത്.
ജുനഗഡിലെ കോണ്‍ഗ്രസ് പ്രസിഡന്റ് വിനു അമിപാരയും അണികളും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും ജുനഗഡിലെ ജനങ്ങളോട് തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ബിജെപി നഗരസഭാ ഘടകം അറിയിച്ചു.
















