കോയമ്പത്തൂര്‍: വിവാദ ലോട്ടറി രാജാവും ഒട്ടനവധി കേസുകളിലെ പ്രതിയുമായ സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. കോയമ്പത്തൂരുള്ള 119 കോടിയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. 61 ഫ്‌ളാറ്റുകള്‍, എസ്റ്റേറ്റുകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.
നേരത്തെ, സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി സിബിഐയുടെ നിലപാടു തേടി ഹൈക്കോടതി ജൂലായ് 11 ലേക്ക് മാറ്റുകയും. ഹര്‍ജി പരിഗണനയ്‌ക്കു വന്നപ്പോള്‍ കള്ളപ്പണം തടയുന്നതിനുള്ള നിയമ പ്രകാരം ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ബദല്‍ പരിഹാര ഫോറത്തെ സാന്റിയാഗോ മാര്‍ട്ടിന് സമീപിക്കാമെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ സിബിഐയുടെ നിലപാടു തേടിയത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവു കൂടിയായ മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരനാണ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഈ കേസില്‍ ഹാജരായി വാദിച്ചത്.
സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ മൊത്ത വിതരണക്കാരനായിരുന്ന സാന്റിയാഗോ മാര്‍ട്ടിനെതിരെ ലോട്ടറിത്തട്ടിപ്പിന് 32 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയതിട്ടുള്ളത്. വ്യാജ ലോട്ടറികള്‍ വിറ്റും നികുതി വെട്ടിച്ചും സാന്റിയാഗോ മാര്‍ട്ടിന്‍ പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും പണം തട്ടിയെന്നാണ് കേസ്. പിന്നീട് കേസിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ ഏഴു കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെടുത്തത്.
















