ലഖ്‌നൗ: സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാന്‍ നിരോധനാജ്ഞ ലംഘിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തന്റെ പ്രതിഷേധ സമരം അവസാനിപ്പിച്ചു.സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവെച്ചുകൊന്നത്. കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാനായെത്തിയ പ്രിയങ്കയെ മിര്‍സാപ്പൂരില്‍ വച്ച് പൊലീസ് ഇന്നലെ തടയുകയായിരുന്നു. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് തൊട്ട് മുന്‍പ് സോന്‍ഭദ്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. നിരോധനാജ്ഞ ലംഘിച്ചും മുന്നോട്ടു നീങ്ങിയ പ്രിയങ്കയെ പൊലീസ് തടഞ്ഞു.ഇതോടെ സോന്‍ഭദ്രക്ക് പിന്നാലെ മിര്‍സാപ്പൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ഇതില്‍ പ്രിയങ്ക പ്രതിഷേധിച്ചിരുന്നു. എന്നാല്‍, നിയമം ലംഘിക്കാന്‍ ആകില്ലെന്ന് പൊലീസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ സമരം എങ്ങനെ എങ്കിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഒടുവില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരിടപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളില്‍ ചിലരെ പ്രിയങ്ക പ്രതിഷേധിക്കുന്ന മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസ് പരിസരത്തെത്തിച്ചു. പ്രതിഷേധ സ്ഥലത്തേക്ക് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ എത്തിയെങ്കിലും മുഴുവന്‍ ആളുകളെയും കാണാന്‍ പൊലീസ് അനുവദിച്ചില്ലെന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. എന്നാല്‍ കുടംബാംഗങ്ങളെ കണ്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധി 24 മണിക്കൂറില്‍ അധികം നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് പ്രിയങ്ക അറിയിച്ചു. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തനിക്ക് എവിടെ വേണമെങ്കിലും പോകാമെന്നുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണുന്നതില്‍ നിന്നും തന്നെ വിലക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടെന്നും ഇപ്പോള്‍ മടങ്ങുകയാണെന്നും തിരിച്ചുവരുമെന്നും പ്രിയങ്ക പറഞ്ഞു.
















