ഹൈദരാബാദ്: അടുത്ത മാസത്തെ ബക്രീദ് പെരുന്നാളിന് പശുക്കളെ കശാപ്പ് ചെയ്യരുതെന്ന് തെലങ്കാനയിലെ വിവിധ മുസ്ലിം വിഭാഗങ്ങളുടെ സംഘടനയായ യുണൈറ്റ്ഡ് മുസ്ലിം ഫോറം. പെരുന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ നിയമം അനുസരിച്ച് ആടുകളേയും മറ്റു കന്നുകാലികളെയോ കശാപ്പ് ചെയ്യാന്‍ ശ്രമിക്കണം. മറ്റു വിഭാഗങ്ങളുടെ വികാരം മാനിക്കണമെന്നും ഇതിലൂടെ സംഘര്‍ഷം ഒഴിവാക്കാന്‍ സാധിക്കുമെന്നും ഫോറം.
അതേസമയം, ഗോ രക്ഷക് എന്ന പേരില്‍ സംഘര്‍ഷത്തിനു ശ്രമിക്കുന്നവരെ തടയാന്‍ തെലങ്കാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ആള്‍ക്കാരുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മറ്റു മതവിഭാഗക്കാരുടെ വികാരം കൂടി പരിഗണിക്കണമെന്നും പശുക്കള്‍ക്ക് പകരം പെരുന്നാള്‍ ദിനത്തില്‍ ആടുകളെ കശാപ്പ് ചെയ്യണമെന്നും തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മെഹ്മൂദ് അലി മുസ്ലിം വിഭാഗങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. പശുക്കള്‍ ഹിന്ദു വിഭാഗക്കാര്‍ ആരാധിക്കുന്ന മൃഗമാണ്. അതിനാല്‍ അതിനെ കശാപ്പ് ചെയ്യുന്നത് ഒഴിവാക്ക് പെരുന്നാള്‍ ദിനത്തില്‍ ആടിനെ കശാപ്പ് ചെയ്ത് ആചാരം അനുഷ്ഠിക്കാനും മന്ത്രി അഭ്യര്‍ഥിച്ചിരുന്നു.ഇതേത്തുടര്‍ന്നാണ് വിവധ മുസ്ലിം സംഘടനകളുടെ ഫോറം യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.
















