ന്യൂഡല്‍ഹി: രാജ്യസുരക്ഷയില്‍ അതീവ നിര്‍ണായകമായ ഒരു കടമ്പ കൂടി കടന്ന് ഭാരതം. രാജ്യത്തിന്റെ തന്ത്രപ്രധാനമായ അതിര്‍ത്തി പ്രദേശങ്ങളില്‍ 61 റോഡുകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ പണിതീര്‍ത്തത്. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ മേല്‍നോട്ടത്തിലായിരുന്നു അതീവ ദുഷ്‌ക്കരമായ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. രാജ്യരക്ഷയ്‌ക്ക് വലിയ നേട്ടമാണ് ഇതുകൊണ്ട് ഉണ്ടായിരിക്കുന്നത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് കാലാവസ്ഥയിലും അതിര്‍ത്തിയിലേക്ക് സൈന്യത്തേയും രക്ഷാ ദൗത്യസംഘങ്ങളേയും എത്തിക്കാന്‍ ഉതകുന്ന വിധത്തില്‍ പാലങ്ങളും ടണലുകളും റയില്‍വേ ലൈനുകളും ഉള്‍പ്പെടുന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമായിട്ടാണ് 2304 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
രാജ്യസഭയില്‍ കോണ്‍ഗ്രസ്് എംപി മോട്ടിലാല്‍ വോറയുടെ ചോദ്യത്തിന് ഉത്തരം പറയവേയാണ് പ്രതിരോധ സഹമന്ത്രി ശ്രീപദ് നയിക്ക് ഈ വിവരങ്ങള്‍ പങ്കു വച്ചത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 14545 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 272 റോഡുകള്‍ നിര്‍മ്മിക്കുകയോ നന്നാക്കിയെടുക്കുകയോ ചെയ്യാനുള്ള പദ്ധതി സര്‍ക്കാരിന്റെ മുന്നിലുണ്ട്. അതില്‍ 3323 കിലോമീറ്റര്‍ ദൂരം വരുന്ന 61 റോഡുകള്‍ തന്ത്രപ്രാധാന്യമുള്ളവയാണ്.
















