കാണ്‍പൂര്‍: പച്ചക്കറി വിറ്റു ലഭിക്കുന്ന ലാഭത്തില്‍ നിന്നു കാണ്‍പൂര്‍ സ്വദേശി ദീപക് സിങ് തന്റെ എസ്ബിഐ അക്കൗണ്ടില്‍ ഇതുവരെ നിക്ഷേപിച്ചത് 39,000 രൂപ മാത്രം. ഒരു ദിവസം ബാങ്കില്‍ എത്തി പാസ്ബുക്ക് അപ്‌ഡേറ്റ് ചെയ്തപ്പോള്‍ ദീപക് സിങ്ങിന്റെ കണ്ണു തള്ളി. തന്റെ അക്കൗണ്ടില്‍ 3.94 കോടി രൂപ. എസ്ബിഐ ലബേഡി ബ്രാഞ്ചിലാണ് ദീപക് സിങ് അക്കൗണ്ട് ആരംഭിച്ചത്. അക്കൗണ്ടില്‍ ഇത്രയധികം രൂപ ആര് നിക്ഷേപിച്ചു എന്നതായിരുന്നു തന്റെ ആദ്യ സംശയമെന്ന് ദീപക് സിങ്.
താന്‍ കുഴപ്പത്തിലാകുമോ എന്ന സംശയക്കില്‍ ബാങ്കില്‍ എത്തി ക്യാഷറോട് വിവരം ആരാഞ്ഞു. ഇത്രയധികം രൂപ അക്കൗണ്ടില്‍ കണ്ട ക്യാഷര്‍ക്കും കാര്യം പിടികിട്ടിയില്ല. ആരും ദീപക്കിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടുമില്ല. പിന്നെ എങ്ങനെ പണം വന്നു എന്ന അന്വേഷണമായി പിന്നെ. ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് കാര്യം പിടികിട്ടിയത്. പണി പറ്റിച്ചത് ബാങ്കിലെ കംപ്യൂട്ടര്‍ സര്‍വറാണ്. സര്‍വറിന്റെ സാങ്കേതിത തകരാറാണു ദീപക് സിങ്ങിനെ ഒരു ദിവസത്തേക്കെങ്കിലും കോടീശ്വരനാക്കിയത്. സര്‍വര്‍ തകരാറില്‍ അന്വേഷണം നടക്കുകയാണെന്നും ദീപക് സിങ്ങിന്റെ അക്കൗണ്ട് താത്കാലികമായി മരവിച്ചിട്ടുണ്ടെന്നും അക്കൗണ്ടില്‍ നേരത്തേ ഉണ്ടായിരുന്ന പണം നിലനിര്‍ത്തി ഉടന്‍ ആക്റ്റിവേറ്റ് ചെയ്യുമെന്നും ബാങ്ക് മാനെജര്‍ പറഞ്ഞു.
















