ബെംഗളൂരു: ഏറെക്കാലമായി പ്രതിസന്ധിയിലായിരുന്ന കര്‍ണ്ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് നിര്‍ണ്ണായകം. വിമത എംഎല്‍എമാരുടെ രാജിയോടെ പ്രതിസന്ധിയിലായ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. ഇതുമായി ബന്ധപ്പെട്ട് രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും.
16 വിമത എംഎല്‍എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് കുമാര സ്വാമി സര്‍ക്കാരിനെ വിശ്വാസവോട്ടിലേക്ക് തള്ളിയിട്ടത്. അതേസമയം രാജിവെച്ച 12 എംഎല്‍എമാരും മുംബൈയില്‍ തന്നെ തുടരുകയാണ്. സഭയില്‍ എത്തില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കെ. സുധാകര്‍, ആനന്ദ് സിങ്, റോഷന്‍ ബെയ്ഗ് എന്നീ എംഎല്‍എമാരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല. എന്നാല്‍ രാമലിംഗ റെഡ്ഢി കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിശ്വാസ വോട്ടെടുപ്പില്‍ 12 എംഎല്‍എമാര്‍ എങ്കിലും വിട്ടുനില്‍ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. വിമതര്‍ വിശ്വാസവോട്ടില്‍ പങ്കെടുകത്തില്ലെങ്കില്‍ സ്പീക്കറും നാമനിര്‍ദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉള്‍പ്പെടെ 103 അംഗങ്ങളാണ് കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന് ഉണ്ടാവുക.
നിലവിലെ ഭരണത്തേയും ഇത് പ്രതികൂലമായി ബാധിക്കും. സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാല്‍ 12 എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കര്‍ എടുത്തേക്കും.
















