ന്യൂദല്‍ഹി: 2022 ലെ ഫിഫ ലോകകപ്പിന്റെയും 2023 ലെ എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെയും യോഗ്യത റൗണ്ടില്‍ ഇന്ത്യ ഗ്രൂപ്പ്് ഇ യില്‍ മത്സരിക്കും. കോലാലമ്പൂരിലെ എഎഫ്‌സി ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്.
ഇന്ത്യക്ക് പുറമെ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളും ഗ്രൂപ്പ് ഇ യിലാണ് മത്സരിക്കുക. യോഗ്യതാ മത്സരങ്ങള്‍ സെപ്തംബര്‍ അഞ്ചിന് ആരംഭിക്കും.
നാല്‍പ്പത് ഏഷ്യന്‍ രാജ്യങ്ങള്‍ എട്ട്് ഗ്രൂപ്പുകളിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിലും എട്ട് ടീമുകള്‍ വീതമുണ്ടാകും. റൗണ്ട് റോബിന്‍ ലീഗില്‍ അടിസ്ഥാനത്തില്‍ നടക്കുന്ന യോഗ്യത റൗണ്ടില്‍ ടീമുകള്‍ ഓരോ ഹോം മാച്ചും എവേ മത്സരവും കളിക്കും.
എട്ട് ഗ്രൂപ്പ് ജേതാക്കളും മികച്ച നാല് റണ്ണേഴ്‌സ് അപ്പും ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിന്റെ അവസാന റൗണ്ടിലും എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനല്‍സിലും കടക്കും. യോഗ്യതാ റൗണ്ടിലെ ശേഷിക്കുന്ന ടീമുകളിലെ മികച്ച 24 ടീമുകള്‍ ഏഷ്യന്‍ കപ്പിലെ ശേഷിക്കുന്ന 12 സ്ഥാനങ്ങള്‍ക്കായി മത്സരിക്കും. ഏഷ്യന്‍ കപ്പില്‍ 24 ടീമുകളാണ് മത്സരിക്കുക.
ഖത്തറും ഒമാനുമൊക്കെ ശക്തമായ ടീമുകളായതിനാല്‍ ഇന്ത്യക്ക് അടുത്ത റൗണ്ടില്‍ കടക്കാന്‍ കനത്തപോരാട്ടം തന്നെ കാഴ്ചവയ്‌ക്കേണ്ടിവരും. 1996 ലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഖത്തര്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് ഇന്ത്യയെ കീഴടക്കി.
1994-2018 കാലയളവളില്‍ ഇന്ത്യ ഒമാനുമായി ഏഴു മത്സരങ്ങള്‍ കളിച്ചു. ഇതില്‍ നാലു തവണയും തോറ്റു. രണ്ട് മത്സരങ്ങള്‍ സമനിലയായി.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അവസാമായി ഒമാനെ നേരിട്ടത്. അന്ന് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഒരിക്കല്‍ മാത്രമാണ് ഇന്ത്യ ഒമാനെ തോല്‍പ്പിച്ചത്. 1994 ലെ ഇന്‍ഡിപെന്‍ഡന്‍സ് കപ്പിലാണ് ഇന്ത്യ ഒമാനെ വീഴ്‌ത്തിയത്.
ഇന്ത്യയുടെ മത്സരങ്ങള്‍: സെപതംബര്‍ 5: ഇന്ത്യ- ഒമാന്‍, സെപ്തംബര്‍ 10: ഖത്തര്‍- ഇന്ത്യ, ഒക്‌ടോബര്‍ 15: ഇന്ത്യ- ബംഗ്ലാദേശ്, നവംബര്‍ 14: അഫ്ഗാനിസ്ഥാന്‍- ഇന്ത്യ, നവംബര്‍ 19: ഒമാന്‍- ഇന്ത്യ, മാര്‍ച്ച് 26: ഇന്ത്യ- ഖത്തര്‍, ജൂണ്‍ 4: ബംഗ്ലാദേശ് – ഇന്ത്യ, ജൂണ്‍ 9: ഇന്ത്യ- അഫ്ഗാനിസ്ഥാന്‍.
ഗ്രൂപ്പിങ്ങ്: ഗ്രൂപ്പ് എ: ചൈന, സിറിയ, ഫിലിപ്പിന്‍സ്, മാലിദ്വീപ്, ഗുവാം. ഗ്രൂപ്പ്് ബി: ഓസ്‌ട്രേലിയ, ജോര്‍ദാന്‍, തായ്‌വാന്‍, കുവൈറ്റ്, നേപ്പാള്‍. ഗ്രൂപ്പ് സി : ഇറാന്‍, ഇറാഖ്, ബഹ്‌റിന്‍, ഹോങ്കോങ്, കംബോഡിയ. ഗ്രൂപ്പ് ഡി: സൗദി അറേബ്യ, ഉസ്ബകിസ്ഥാന്‍, പലസ്തീന്‍. യമന്‍, സിങ്കപ്പൂര്‍. ഗ്രൂപ്പ് ഇ: ഇന്ത്യ, ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്. ഗ്രൂപ്പ് എഫ്: ജപ്പാന്‍, കിര്‍ഗ് റിപ്പബ്‌ളിക്, താജികിസ്ഥാന്‍, മ്യാന്മാര്‍, മംഗോളിയ. ഗ്രൂപ്പ് ജി: യുഎഇ, വിയ്റ്റനാം, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ. ഗ്രൂപ്പ് എച്ച്: കൊറിയ റിപ്പബ്്‌ളിക്, ലബനന്‍, ഡിപിആര്‍ കൊറിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, ശ്രീലങ്ക.
















