തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയും യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിനെതിരെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം മൂന്നു കേസുകള്‍.
ക്രൈം നമ്പര്‍ 1925/17 ല്‍ രണ്ടാം പ്രതിയും, 1927/17 ല്‍ 10-ാം പ്രതിയും, 1937/17 ല്‍ നാലാം പ്രതിയുമാണ് ശിവരഞ്ജിത്ത്. ഓരോ കേസിലും അഞ്ചിലധികം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ക്രൈം നമ്പര്‍ 1925/17 ല്‍ 308-ാം വകുപ്പും ചേര്‍ത്തിട്ടുണ്ട്. ഇത് കൂടാതെ യൂണിവേഴ്‌സിറ്റി കോളേജ് ഉള്‍പ്പെടുന്ന കന്റോണ്‍മെന്റ് സ്റ്റേഷനുള്‍പ്പെടെ നിരവധി കേസുകള്‍ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ട്.
കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റേയും ശിവരഞ്ജിത്തിന്റെയും വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ പോലും ദൂരമില്ല. ആറ്റുകാല്‍ ചിന്മയാ സ്‌കൂളിന് സമീപമാണ് ശിവരഞ്ജിത്തിന്റെ വീട്. ചിറമുക്കിന് സമീപമാണ് അഖിലിന്റേയും വീട്. പ്രാദേശിക നേതാവും ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് സെക്രട്ടറിയുമായ ചായക്കട ഉണ്ണി എന്നറിയപ്പെടുന്ന ഉണ്ണിയുടെ വലംകൈയാണ് ശിവരഞ്ജിത്ത്. ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശത്ത് മണല്‍മാഫിയകള്‍ക്കും ലഹരികടത്ത് സംഘങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്ത്‌കൊടുക്കുന്നത്.
ഫോര്‍ട്ട് സ്റ്റേഷനിലെ മുന്‍ എസ്‌ഐയും ഇവരുടെ ചൊല്‍പ്പടിക്കാരനായിരുന്നു. സ്ഥലം മാറിപ്പോയ ഇദ്ദേഹത്തെ തിരികെ ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണിവര്‍. ആറ്റുകാലിലും സമീപ പ്രദേശങ്ങളിലും സിപിഎം നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ശിവരഞ്ജിത്തും ഉണ്ണിയുമാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച ശിവരഞ്ജിത്ത് വെള്ളിയാഴ്ച രാത്രി സ്വന്തം വീട്ടില്‍ തന്നെയാണ് തങ്ങിയിരുന്നതെന്നാണ് വിവരം. ഉണ്ണിയും വീട്ടില്‍ ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശിവരഞ്ജിത്തിന്റെ വീട് അന്വേഷിച്ചത്.എന്നാല്‍ വീട്ടില്‍ പരിശോധന നടത്താന്‍ പോലും തയാറായില്ല.
ഗര്‍ഭിണിയായ യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച കേസില്‍ ഉണ്ണിയുടെ സഹോദരന്‍ കൊച്ചുണ്ണി എന്നറിയപ്പെടുന്ന രാജേഷ് പ്രതിയാണ്. ശിവരഞ്ജിത്തിന്റെ സ്വാധീനം മൂലം ഈ കേസും അട്ടിമറിക്കപ്പെട്ടു. സര്‍ക്കാരുമായും ആഭ്യന്തരവകുപ്പുമായും നല്ല ബന്ധം പുലര്‍ത്തുന്ന ശിവരഞ്ജിത്ത് ഈ സ്വാധീനം മുതലാക്കിയാകാം പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതെന്നാണ് വിവരം.
















