തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട കേരള പോലീസ് ഏഴാം ബറ്റാലിയനിലെ നിയമനങ്ങള്‍ക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പ്രസ്തുത ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ താത്കാലികമായി സ്റ്റേ ചെയ്തു. ശാരീരിക ക്ഷമത പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് 10 വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ തുടര്‍ന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിന്റേതാണ് വിധി. തങ്ങളുടെ അന്തിമ വിധിക്ക് വിധേയമായിരിക്കണം ലിസ്റ്റിലെ നിയമനമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഗൗരവതരമാണെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി.മഹാദേവന്‍ പിള്ള പറഞ്ഞു. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കേണ്ടത് അതത് സെന്ററുകളില്‍ തന്നെയാണ്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായത് അന്വേഷിക്കും. യൂണിവേഴ്‌സിറ്റി കോളേജില്‍ അടുത്തിടെ നടന്ന പരീക്ഷകളെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഖിലിനെ കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണെന്ന് കേസില്‍ ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതി അദ്വൈത്, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍ എന്നിവര്‍ മൊഴി നല്‍കി. അഖിലിനെ മര്‍ദ്ദിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ശിവരഞ്ജിത്ത് കുത്തുമെന്ന് കരുതിയില്ല. ക്ലാസില്‍ കയറുന്നതു സംബന്ധിച്ച് അഖിലുമായി നേരത്തേ തര്‍ക്കമുണ്ടായിരുന്നു. പിന്നീടാണ് പാട്ടു പാടിയതിനെച്ചൊല്ലി വാക്കേറ്റമുണ്ടായത്. ഇതാണ് സംഘര്‍ഷത്തിലെത്തിയതെന്നും മൂവരും കന്റോണ്‍മെന്റ് പോലീസിന് മൊഴി നല്‍കി. അഖിലിനെ കുത്തിയത് താന്‍ തന്നെയാണെന്ന് ശിവരഞ്ജിത്തും മൊഴി നല്‍കിയിട്ടുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനമാണ് സംഘര്‍ഷത്തിന് കാരണമായതെന്നും പ്രതികള്‍ പോലീസില്‍ മൊഴി നല്‍കി.
















