തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലിനെ ക്യാംപസിനുള്ളില്‍ വച്ചു കുത്തിയ കേസ് പുതിയ തലങ്ങളിലേക്ക്. കേസിലെ ഒന്നും രണ്ടും പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്, സെക്രട്ടറി നസീം എന്നിവരും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹി പ്രണവ് എന്നിവര്‍ പിഎസ് സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉന്നതറാങ്ക് വാങ്ങിയതിന്റെ ദൂരൂഹത കൂടുതല്‍ ശക്തമാവുകയാണ്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണു എസ്എഫ്‌ഐ നേതാക്കള്‍ പരീക്ഷ എഴുതാന്‍ അപേക്ഷിച്ചിരുന്നത്. എന്നാല്‍, പ്രത്യേക അനുമതി നേടി ഇവര്‍ തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിലാണ് പരീക്ഷ എഴുതിയത്.
22-07-2018ല്‍ നടന്ന എഴുത്തു പരീക്ഷയുടേയും 9-04-19 മുതല്‍ 4-05-19 വരെ നടന്ന ശാരീരിക ക്ഷമത പരീക്ഷയുടേയും ഫലങ്ങള്‍ കോര്‍ത്തിണക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ രജി.നമ്പര്‍-555683 ശിരവരഞ്ജിത്. ആര്‍ ആണ് ഒന്നാം റാങ്കുകാരന്‍. പരീക്ഷയില്‍ 78.33 മാര്‍ക്കും ദേശീയ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ കേരള സര്‍വകലാശാലയ്‌ക്കു വേണ്ടി മത്സരിച്ചതിന് 13.58 അധിക മാര്‍ക്കുമായി ആകെ 91.91 മാര്‍ക്ക് നേടിയാണ് ശിവരഞ്ജിത് ഒന്നാം റാങ്കുകാരനായത്. രണ്ടാം സ്ഥാനക്കാരനായ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹി പി.പി. പ്രണവിന് പരീക്ഷയില്‍ ലഭിച്ചത് 78 മാര്‍ക്ക്. മൈനസ് മാര്‍ക്ക് ലഭിക്കുന്ന പരീക്ഷയില്‍ ഇത്രയധികം മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുക അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ചോദ്യങ്ങള്‍ മുന്‍കൂട്ടി അറിയാതെ ഇത്തരത്തില്‍ മാര്‍ക്ക് നേടാന്‍ സാധിക്കില്ലെന്നാണു ഈ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയാലും ഇത്രയധികം മാര്‍ക്ക് നേടാന്‍ സാധിക്കില്ല. ഇതില്‍ നിന്നു വ്യക്തമാകുന്നത് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് മുന്‍കൂട്ടി ലഭിക്കാം എന്ന സാധ്യതയിലേക്ക് മാത്രമാണ്. അതീവ സുരക്ഷയോടെ തയാറാക്കുന്നവയാണ് പിഎസ് സിയുടെ ചോദ്യപേപ്പര്‍. എന്നാല്‍, ഉന്നത രാഷ്‌ട്രീയ സ്വാധീനമുണ്ടെങ്കില്‍ ഇതു ചോര്‍ത്തുക അത്ര പ്രയാസകരമല്ലെന്നാണു സൂചന. പ്രത്യേകിച്ചു ഇടതു സംഘടന ശക്തമായ പിഎസ് സി പോലെയുള്ളയിടങ്ങളില്‍.
ക്രിമിനലുകള്‍ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ ഉന്നതറാങ്ക് നേടിയതും സംബന്ധിച്ച് ഇന്നു ചേരുന്ന പിഎസ് സി ബോര്‍ഡ് യോഗം ചേരുന്നുണ്ട്. അജണ്ട പുറത്തുള്ള വിഷയമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുമുണ്ട്. പ്രതികള്‍ കാസര്‍ഗോഡ് ജില്ലയില്‍ പരീക്ഷ എഴുതാതെ പ്രത്യേക അനുമതിയോടെ തിരുവനന്തപുരത്ത് പരീക്ഷ എഴുതിയതും ദുരൂഹമാണ്. പിഎസ് സി പരീക്ഷയില്‍ മികച്ച പരീശലനം നേടുന്ന ചില വിദ്യാര്‍ഥികള്‍ ഉദ്യോഗാര്‍ഥികള്‍ കുറവുള്ള ജില്ലകള്‍ പരീക്ഷയ്‌ക്കായി പരിഗണിക്കാറുണ്ടെങ്കിലും എസ്എഫ്ഐ നേതാക്കള്‍ ആ ഗണത്തില്‍ പെടുന്നില്ല. ബിഎസ് സി കെമിസ്ട്രി ബിരുദത്തിനു ശേഷം എംഎ ഫിലോസഫി കോഴ്സിനാണ് ശിവരഞ്ജിത് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്നത്. നസീമും ഇതേ കോഴ്സിനാണ്. ഇരുവരും പാഠ്യ വിഷയങ്ങളില്‍ അത്ര മികവു പുലര്‍ത്തുന്നവരല്ലെന്നാണ് സഹപാഠികള്‍ സാക്ഷ്യപ്പെടുത്തുന്നു.
















