തിരുവനന്തപുരം: കേരളം കഴിഞ്ഞ വര്‍ഷം മഹാപ്രളയത്തില്‍ മുങ്ങിയപ്പോള്‍ ദുരിതാശ്വാസത്തിനായി യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാര്‍ പിരിച്ച തുക വെട്ടിച്ചെന്ന് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിനോടാണ് ഇതു സംബന്ധിച്ച കാര്യം വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കോളജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐയ്‌ക്കെതിരെ കൂടുതല്‍ വിമര്‍ശനങ്ങളും വെളിപ്പെടുത്തലുകളും പുറത്ത് വരുന്നത്.
കോളേജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളാണ് പിരിവെടുത്തത്. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുമാത്രം 25000 രൂപ പിരിവെടുത്തു. പതിനെട്ടോളം ഡിപ്പാര്‍ട്ടുമെന്റുകളുള്ള കോളേജിലെ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലും സമാനമായി പിരിവെടുത്തെങ്കിലും മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വച്ച് ഒരു ലക്ഷം മാത്രമേ കൈമാറിയുള്ളു. ഇതേ തുടര്‍ന്ന് രൂപ വെട്ടിച്ചതായി പരാതി നല്‍കിയ ബിരുദ വിദ്യാര്‍ത്ഥിയായ അമ്പാടി ശ്യാമിനെ അഖിലിനെ കുത്തിയ കേസിലെ പ്രതി നസീം ഉള്‍പ്പടെയുള്ള സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
കോളേജില്‍ അക്രമം കാണിക്കുന്ന എസ്.എഫ്.ഐ നേതാക്കള്‍ അനധികൃത പണപ്പിരിവ് നടത്തിയതായും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. പെണ്‍കുട്ടികളുടെ സ്വര്‍ണമുള്‍പ്പടെ വാങ്ങി പണയം വയ്‌ക്കാറുണ്ടെന്നും വിദ്യാര്‍ത്ഥി വിമര്‍ശിക്കുന്നു.
















