തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി വീഴ്‌ത്തിയ എസ്എഫ്‌ഐ ക്രിമിനലായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്.
എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ലന്ന് പോലീസ് പറഞ്ഞു. . കോപ്പിയടിക്ക് വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ വൈകിട്ട് റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പോലീസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. പട്ടികയില്‍ ഒന്നാം റാങ്ക് അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍.ശിവരഞ്ജിത്തിനാണ്. 28ാം റാങ്ക് കേസിലെ രണ്ടാം പ്രതി എ.എന്‍.നസീമിനും. ക്രിമിനലുകളുടെ കൂട്ടമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ച എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയിലെ അംഗമാണു രണ്ടാം റാങ്കുകാരന്‍ പി.പി.പ്രണവ്.
വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് നിയമന റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നു സെന്‍കുമാര്‍ പറഞ്ഞു. ഒന്നാം പ്രതി റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതു സംശയകരമാണെന്നും സെന്‍കുമാര്‍ പറഞ്ഞു. കണ്ണൂര്‍ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതിയാണ് പിഎസ്സി റാങ്ക് പട്ടികയില്‍ പുറത്തിറക്കിയത്.
അഖിലിനെ കുത്തിയഒന്നാംപ്രതി ശിവരഞ്ജിത്ത് സിവില്‍ പോലീസ് ഓഫീസറുടെ കെ.എ.പി. നാലാം ബറ്റാലിയന്‍ റാങ്ക്പട്ടികയില്‍ ഒന്നാമനാണ്. ഈ പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായ 78.33 ആണ് ശിവരഞ്ജിത്ത് നേടിയത്. ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തില്‍ പങ്കെടുത്തതിന് 13.58 മാര്‍ക്ക് അധികവും നേടി. ഇതുള്‍പ്പെടെ ആകെ 91.91 എന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെയാണ് ശിവരഞ്ജിത്ത് ഒന്നാംറാങ്കിന് ഉടമയായത്.
രണ്ടാംപ്രതി നസീമും ഇതേ പട്ടികയില്‍ 28-ാം സ്ഥാനത്തുണ്ട്. ഒ.എം.ആര്‍. പരീക്ഷയില്‍ 65.33 മാര്‍ക്കാണ് നസീം നേടിയത്. ഇരുവരും കാസര്‍കോട് ബറ്റാലിയനിലേക്കാണ് അപേക്ഷിച്ചതെങ്കിലും പരീക്ഷയെഴുതിയത് തിരുവനന്തപുരത്താണെന്ന് വ്യക്തമായിട്ടുണ്ട്.
















