തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്എഫ്‌ഐക്കുള്ളില്‍ മാസങ്ങളായി ശക്തിയാര്‍ജിച്ച ഉള്‍പ്പോരാണ് ആസൂത്രിത കൊലപാതക ശ്രമത്തിലേക്ക് വഴിതെളിച്ചത്.കുത്തേറ്റ് അഖില്‍ ആറ്റുകാല്‍ എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ എന്ന ലേബലില്‍ വന്‍ ഗൂണ്ടായിസവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും നടക്കുന്നുണ്ടായിരുന്നു. യൂണിറ്റ് കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നത് ഗൂണ്ടാ സംഘത്തെ പോലെയായിരുന്നു. ഇതില്‍ അഖിലിനും കൂട്ടാളികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. വലിയ പാര്‍ട്ടി പ്രവര്‍ത്തനം പാരമ്പര്യം ഇല്ലാതെ മറ്റു ചില വ്യക്തി, സംഘടന താത്പര്യങ്ങളുടെ പുറത്ത് ഭാരവാഹികള്‍ ആയവരായിരുന്നു ഇപ്പോഴത്തെ കമ്മിറ്റിയിലെ മിക്കവരും. അതിനാല്‍ തന്നെ കേളെജിനുള്ളില്‍ എസ്എഫ്‌ഐ എന്ന നിലയില്‍ സംഘടന പ്രവര്‍ത്തനം ആയിരുന്നില്ല മറ്റു ചില ക്രിമിനല്‍ ഇടപാടുകളാണ് നടന്നത്. അതില്‍ അഖിലിനു കൂട്ടര്‍ക്കും അമര്‍ഷവും ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ കൂട്ടുകുുന്നതിനെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ ഭീഷണിപ്പെടുത്തി തടഞ്ഞിരുന്നു. ഇതിനെ എതിര്‍ത്ത് അഖിലും കൂട്ടുകാരും കൂട്ടുകൂടിരുന്നെന്നും ക്യാന്റിനീല്‍ പാട്ടുപാടിയിരുന്നെന്നും സഹവിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു. തങ്ങളുടെ അപ്രമാധിത്വത്തെ എതിര്‍ത്തതും സംഘടനക്കുള്ളിലെ പോരുമായി അഖിലിനെ ആസൂത്രിതമായി വകവരുത്താന്‍ എസ്എഫ്‌ഐ നേതാക്കളെ പ്രേരിപ്പിച്ചത്.
എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം എന്നിവരുടെ നേതൃത്വത്തിലാണ് അഖിലിനെ കുത്തിയിതെന്നാണു പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ ക്യാംപസിലെ മരച്ചുവട്ടില്‍ ഇരുന്ന അഖിലിനോടും കൂട്ടരോടും അവിടെ നിന്നു ക്ലാസില്‍ പോയി ഇരിക്കാന്‍ ഈ സംഘം ആവശ്യപ്പെട്ടു. തൊട്ടു തലേന്ന് ക്യാന്റീനില്‍ ഇരുന്ന പാട്ടുപാടിയതിനു അഖിലിനേയും കൂട്ടരേയും ഇതേ സംഘം മര്‍ദിക്കാന്‍ ഒരുങ്ങിയിരുന്നു. ഇതിന്റെ ബാക്കിയായാണു മനപൂര്‍വം സംഘര്‍ഷത്തിന് എസ്എഫ്‌ഐ നേതാക്കള്‍ എത്തിയത്. അഖിലിനേയും കൂട്ടരേയും ബോധപൂര്‍വം പ്രകോപിച്ചിച്ച് അടിലേക്ക് എത്തിച്ചു. മറ്റു വിദ്യാര്‍ഥികളെ അടിച്ചോടിച്ച ശേഷം അഖിലിനെ എസ്എഫ്‌ഐ നേതാക്കള്‍ പിന്നില്‍ നിന്നു പിടിച്ചു വച്ചു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നസീം തന്റെ അരയില്‍ കരുതിയിരുന്ന കത്തി ഊരി കുത്താന്‍ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്തിനു നല്‍കുകയായിരുന്നു. കൊലവിളിയോടെ ശിവ രഞ്ജിത്ത് അഖിലിനെ കുത്തിയതെന്നാണു ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. നസീം വീണ്ടും കത്തി വാങ്ങി കുത്താന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തുന്നതു കണ്ട് ഓടി രക്ഷപെടുകയായിരുന്നു.
















