തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിവിലെന്ന് പോലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച പ്രതികള്‍ എത്താന്‍ സാധ്യതയുള്ള മിക്ക സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എന്നാല്‍ പ്രതികളില്‍ ചിലര്‍ ഇന്ന് പോലീസില്‍ കീഴടങ്ങുമെന്നാണ് സൂചന.
അതേസമയം സംഘര്‍ഷമുണ്ടാകുന്നതിനിടയില്‍ പോലീസിന്റെ മുന്നില്‍വച്ച് പ്രതികള്‍ രക്ഷപ്പെട്ടെന്ന ആക്ഷേപവും വ്യാപകമായി ഉയരുന്നുണ്ട്. എന്നാല്‍ പ്രധാന പ്രതികളെ പിടികൂടുക എന്നതാണ് ലക്ഷ്യമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോളേജ് ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നീങ്ങിയത്. വാക്ക് തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ബിഎപൊളിറ്റിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിന് കുത്തേല്‍ക്കുകയായിരുന്നു. അഖിലിന്റെ ശരീരത്തില്‍ രണ്ട് കുത്തുകളാണുള്ളത്. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
















