ന്യൂദല്‍ഹി : മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത വികസന കാര്യത്തില്‍ തീരുമാനങ്ങള്‍ വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാനത്തെ ദേശീയപാതയുടെ മൊത്തം വികസന കാര്യത്തിസു സംസ്ഥാനത്തിന് മെല്ലപ്പോക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
അതേസമയം കുതിരാന്‍ ഉള്‍പ്പെടുന്ന മേഖലയിലെ എംപി ആരായിരുന്നെന്ന് ചോദിച്ച ഗഡ്കരി, സി.എന്‍. ജയദേവനായിരുന്നു എന്നു പറഞ്ഞപ്പോള്‍ ഈ വിഷയത്തില്‍ അദ്ദേഹം കാര്യക്ഷമമായി ഇടപ്പെട്ടിട്ടില്ലെന്നും കുറ്റപ്പെടുത്തി. വനം വകുപ്പും തടസ്സം നില്‍ക്കുകയാണ്. 1.381 ഹെക്ടര്‍ ഭൂമിയിലെ നിര്‍മാണാനുമതി വനം വകുപ്പില്‍നിന്നു ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കേരളത്തിലെ ദേശീയപാതയുടെ മൊത്തം വികസന കാര്യത്തിലും സംസ്ഥാന സര്‍ക്കാരിനു മെല്ലെപ്പോക്കാണ്.
ഭൂമിയേറ്റെടുക്കലിലെ ചെലവിന്റെ ബാധ്യത സംബന്ധിച്ച കേന്ദ്ര നിര്‍ദേശത്തില്‍ മുഖ്യമന്ത്രി ഇനിയും നിലപാടു വ്യക്തമാക്കിയിട്ടില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി സുഖമമായിരുന്നെന്ന് അഭിപ്രായപ്പെട്ട നിതിന്‍ ഗഡ്കരി താന്‍ കമ്യൂണിസ്റ്റു വിരോധംകൊണ്ടു പറയുകയാണെന്നു തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു.
സിപിഎം അംഗം എ.എം. ആരിഫ് അടക്കം സംഘത്തിലുണ്ടായിരുന്നു. ആലപ്പുഴ ബൈപാസ് തുറക്കാന്‍ അടിയന്തരമായി ഇടപെടാമെന്നും മേല്‍പാല നിര്‍മാണം പൂര്‍ത്തിയാക്കാന്‍ റെയില്‍വേക്കു നിര്‍ദേശം നല്‍കാമെന്നും ഗഡ്കരി അറിയിച്ചു
















