കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് യുവതാരം അലക്‌സ് സജി ഗോകുലം കേരള എഫ്‌സിയില്‍. കഴിഞ്ഞ ദിവസമാണ് പ്രതിരോധനിരക്കാരനായ അലക്‌സുമായി ഗോകുലം കരാര്‍ ഒപ്പിട്ടത്. കേരളത്തിന്റെ ഭാവി താരങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന താരമാണ് വയനാട് സ്വദേശിയായ അലക്‌സ് സജി.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍ 18 ടീമിനും റിസര്‍വ് ടീമിനും ഒപ്പമായിരുന്നു അലക്‌സ് സജി ഇതുവരെ കളിച്ചിരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിലെ താരങ്ങളെ കൂട്ടമായി അടുത്ത് റിലീസ് ചെയ്തിരുന്നു. ആ അവസരം മുതലെടുത്താണ് ഗോകുലം കേരള എഫ്‌സി ഇപ്പോള്‍ അലക്‌സ് സജിയെ ടീമില്‍ എത്തിച്ചത്. ഗോകുലത്തിന്റെ സ്‌ക്വാഡിലെ 14-ാം മലയാളി താരമായി അലക്‌സ് സജി മാറി.
കഴിഞ്ഞ സീസണില്‍ കേരള പ്രീമിയര്‍ ലീഗിലും അണ്ടര്‍ 18 ദേശീയ ലീഗിലും സജി കേരള ബ്ലാസ്റ്റേഴ്‌സിനായി ഇറങ്ങിയിരുന്നു. കഴിഞ്ഞ കേരള സന്തോഷ് ട്രോഫി ടീമിലും സജി ഇടം പിടിച്ചിരുന്നു. എന്നാല്‍ സന്തോഷ് ട്രോഫി ക്യാമ്പില്‍ ക്ലബിന്റെ സമ്മതമില്ലാതെ പോയെന്ന വിവാദം ഉണ്ടായ ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഈ സെന്റര്‍ ബാക്കിന് കളിക്കാനായിട്ടില്ല.
















