ന്യൂദല്‍ഹി: രാജ്യത്തെ 134 കോടിയില്‍ 16 കോടി പേര്‍ മദ്യപാനികളെന്ന് കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ട്. ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി എംപി ആര്‍.കെ. സിന്‍ഹയാണ് വിഷയം അവതരിപ്പിച്ചത്.
രാജ്യത്തെ 16 കോടി ജനങ്ങള്‍ മദ്യവും, 3.1 കോടി ജനങ്ങള്‍ കഞ്ചാവും 77 ലക്ഷം ജനങ്ങള്‍ കറുപ്പും ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 5.7 കോടി പേര്‍ മദ്യത്തിനും 72 ലക്ഷം പേര്‍ കഞ്ചാവിനും 77 ലക്ഷം പേര്‍ കറുപ്പിനും അടിമകളാണെന്നും ഇവര്‍ക്ക് ഇതില്‍ നിന്ന് രക്ഷനേടാന്‍ സഹായം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2018ല്‍ കേന്ദ്ര സാമൂഹികനീതി ശാക്തീകരണ വകുപ്പ് സംഘടിപ്പിച്ച ദേശീയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. രാജ്യത്ത് 10നും 75നും ഇടയിലുള്ള 1.18 കോടി ജനങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ കുട്ടികളും കൗമാരക്കാരുമാണ് ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നത്.ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായുള്ള ദേശീയ കര്‍മ പദ്ധതി തയാറാക്കിയിട്ടുള്ളതായി തവര്‍ചന്ദ് ഗെഹ്‌ലോട്ട് പറഞ്ഞു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയാണ് സര്‍വേ എടുത്തതെന്ന് തവര്‍ചന്ദ് ഗെഹ്‌ലോട്ട് പറഞ്ഞു. നാഷണല്‍ ഡ്രഗ് ഡിപ്പന്റന്‍സ് ട്രീറ്റ്‌മെന്റ് സെന്റര്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്റ്റഡീസ് ഏന്നിവയുടെ സഹകരണത്തോടെയാണ് സര്‍വേ നടത്തിയത്.















