മുംബൈ: രാജിവച്ച എംഎല്‍എ മാരെ കാണാന്‍ മുംബൈയിലെത്തിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ജലസേചന വകുപ്പുമന്ത്രിയുമായിരുന്ന ഡി.കെ. ശിവകുമാര്‍ അറസ്റ്റില്‍. കര്‍ണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമിയും, കോണ്‍ഗ്രസ് നേതാവ് ശിവകുമാറും തങ്ങളെ ഭീഷണിപ്പെടുത്താനാണ് അവര്‍ വരുന്നതെന്നും ഹോട്ടലിലേക്ക് വരാന്‍ അവരെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് എംഎല്‍എമാര്‍ മുംബൈ പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ശിവകുമാറിനെ പൊലീസ് ഹോട്ടലിനു മുന്നില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ശിവകുമാറും കോണ്‍ഗ്രസ് നേതാക്കളും ഹോട്ടലിനു മുന്നില്‍ ധര്‍ണ തുടങ്ങിയിരുന്നു. സ്ഥിതി സംഘര്‍ഷത്തിലേക്കു നീങ്ങുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ധര്‍ണ അവസാനിപ്പിച്ചു മടങ്ങണമെന്നു ശിവകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍, ഇതു അനുസരിക്കാതെ ധര്‍ണ തുടര്‍ന്നതിനെ പിന്നാലെ ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ, രാജിവച്ച് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടല്‍ പരിസരത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നേരത്തേ ഹോട്ടല്‍ അധികൃതര്‍ ശിവകുമാറിന്റെ ബുക്കിങ് റദ്ദാക്കിയിരുന്നു. തങ്ങള്‍ ഒരുമിച്ച് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചവരാണെന്നും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും അതുപറഞ്ഞ് തീര്‍ക്കാനാണ് തങ്ങള്‍ വരുന്നതെന്നും ശിവകുമാര്‍ അറിയിച്ചെങ്കിലും പോലീസ് അത് മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍ തന്റെ ഭരണഘടനാപരമായ അവകാശങ്ങളെ മഹാരാഷ്‌ട്ര പോലീസ് തടയുകയാണെന്നു എംഎല്‍എമാരെ കാണാതെ താന്‍ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം അറിയിച്ചു. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നത്. ശിവറാം ഹെബ്ബാര്‍, പ്രതാപ് ഗൗഡപാട്ടില്‍, ബി.സി. പാട്ടീല്‍ , ഖൈരിബസവരാജ്, എസ്.ടി. സോമശേഖര്‍, രമേശ് ജാര്‍ഖിഹോള, ഗോപാലയ്യ, എച്ച്. വിശ്വനാഥ്, നാരായണഗൗഡ, മഹേഷ് കുമുതാലി എന്നീ എംഎല്‍എമാരാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയത്.
സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് ബംഗളൂരു വിധാന്‍സൗദയ്‌ക്ക് മുന്നില്‍ ഇന്ന് ബിജെപി നേതാവ് ബി.എസ്. യെദ്ദ്യൂരപ്പയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ ആരംഭിച്ചു. തങ്ങള്‍ ഗവര്‍ണറെയും സ്പീക്കറെയും കാണുമെന്നും യെദ്യൂരപ്പ അറിയിച്ചു. മുന്‍ മന്ത്രി റോഷന്‍ ബെയ്ഗ് കൂടി രാജിവച്ചതോടെ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗസംഖ്യ 102 ആയി കുറഞ്ഞു. എന്നാല്‍ ബിജെപിക്ക് 108 അംഗങ്ങളുടെ പിന്തുണയുണ്ട്.















