ന്യൂദല്‍ഹി : കാവി ഇന്ത്യയുടെ അഭിമാന നിറമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ജേഴ്‌സി കാവി നിറത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ശശി തരൂര്‍ ഈ പ്രസ്താവന നടത്തിയത്.
രണ്ടാമത്തെ ജേഴ്‌സിക്കായി ബിസിസിഐ കാവിയും നിലയും തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും സഖ്യ കക്ഷികളായ സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പടെ നിരവധി നേതാക്കള്‍ രംഗതൈത്തിയിരുന്നു. അതിനിടയിലാണ് ശശി തരൂര്‍ കാവിയെ അനുകൂലിച്ച് രംഗതെത്തിയിരിക്കുന്നത്.
കാവിയും നീലയും നിറത്തിലുള്ള പുതിയ ജേഴ്‌സി അഭിമാനം പകരുന്നതാണ്. ഇനി നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ പിന്തുണയ്‌ക്കുന്നതിനായി ഇതുമായി സാമ്യമുള്ള ജാക്കറ്റ് ധരിക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയിലുള്ള ഒരു നിറമാണ് കാവിയെന്നും അത് ധരിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. ഇതില്‍ രാഷ്‌ട്രീയമൊന്നുമില്ലെന്നും ശശി തരൂര്‍ അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ലോകകപ്പിലെ ഇന്ത്യയുടെ രണ്ട് കളി മാത്രമേ കാണാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് ടീമുകള്‍ക്ക് രണ്ടാമത് ജേഴ്‌സി വേണമെന്ന് ഐസിസി ഇത്തവണ കര്‍ശ്ശന നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ കാവിയും നില നിറത്തിലും രണ്ടാം ജേഴ്‌സിയില്‍ ഇംഗ്ലണ്ടിനെതിരെ മത്സരിക്കാന്‍ ഇറങ്ങിയത്. പരസ്പരം മത്സരിക്കാനിറങ്ങുന്ന ടീമുകളുടെ ജേഴ്‌സി ഒരേ നിറത്തില്‍ ആവുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം.















