തിരുവനന്തപുരം: ബിജെപി വേദികളില്‍ മകന്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ ജീവനൊടുക്കേണ്ടി വന്നാല്‍ അതിന്റെ ഉത്തരവാദി സിപിഎം പാര്‍ട്ടി തന്നെയായിരിക്കുമെന്ന് മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. പാര്‍ട്ടിയില്‍ നിന്നുള്ള മാനസ്സിക പീഡനങ്ങള്‍ മൂലം മറ്റു മാര്‍ഗമില്ലാതെ താനും മകനും ജീവനൊടുക്കിയാല്‍ ഉത്തരവാദിത്തം പാര്‍ട്ടിക്കാണെന്നും ആശ അറിയിച്ചു.
മകന്‍ ബിജെപിയുടെ വേദിയില്‍ ചെന്നതിന് സിഡ്‌കോയിലെ കരാര്‍ ജോലിയില്‍ നിന്നു പിണറായി സര്‍ക്കാര്‍ തന്നെ പിരിച്ചുവിട്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ തുറന്ന കത്തിലാണ് ആശ ഇത്തരത്തില്‍ രുക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.
ജോലി നഷ്ടപ്പെട്ടപ്പോള്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെ കണ്ട് പരാതി അറിയിച്ചിരുന്നു. എന്നാല്‍ തന്നെ പരിഹസിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നുണ്ട്. തന്നേയും മകനേയും ജീവിക്കാന്‍ അനുവദിക്കില്ല എന്നതാണോ പാര്‍ട്ടി നയമെന്നും അവര്‍ ചോദിച്ചു.
ശബരിമല യുവതീ പ്രവേശനത്തിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തതിനു ശിക്ഷ കിട്ടിയതു തനിക്കാണ്. 18 വയസ്സായ അവന്‍ അവിടെ സ്വന്തം വിശ്വാസമാണ് പ്രഖ്യാപിച്ചത്, അല്ലാതെ രാഷ്‌ട്രീയമല്ല. കഞ്ചാവു വില്‍പ്പനക്കാരുടെയോ സ്ത്രീ പീഡകരുടെയോ കൂടെയല്ല അവന്‍ പോയത്. ആയിരുന്നെങ്കില്‍ അവനുവേണ്ടി മാത്രം ജീവിച്ച ഈ അമ്മ എന്നെന്നേക്കുമായി വാതില്‍ കൊട്ടി അടച്ചിരിക്കുമെന്നും ആശ ലോറന്‍സ് പറഞ്ഞു.
കുടുംബത്തിന് താങ്ങായി ചാരിനിന്ന മതിലായിരുന്നു തന്റെ ജോലി. അതു പാര്‍ട്ടി തീരുമാനമെന്ന ജെസിബി വച്ച് ഇടിച്ചുനിരത്തി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയെ താനും മകനും മുമ്പ് രണ്ടുതവണ കണ്ടപ്പോഴും അങ്ങേയറ്റം സ്‌നേഹവാത്സല്യമായിരുന്നു. സമയമെടുത്തു പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും സുരക്ഷിതത്വബോധം നല്‍കുകയും ചെയ്തു. അത് വാക്കില്‍ മാത്രമായിരുന്നെന്ന് ഇപ്പോള്‍ തെളിയിക്കുകയാണ്. ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും’ എന്ന പരസ്യവാചകം ഊണിലും ഉറക്കത്തിലും ഇപ്പോള്‍ തങ്ങളെ ഭയപ്പെടുത്തുന്നു.
കാസര്‍ഗോഡ് മുതല്‍ പാറശാല വരെ മതിലു കെട്ടിയാല്‍ സ്ത്രീശാക്തീകരണമാകില്ല. വനിതകള്‍ക്കു സുരക്ഷിത ജീവിതവും അടിസ്ഥാന സൗകര്യങ്ങളും വേണം. ഒറ്റയ്‌ക്കു ജീവിക്കുന്ന തന്നെപ്പോലുള്ളവര്‍ അതാണ് ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ ഒറ്റയ്‌ക്കായിപ്പോയ ഒരു സ്ത്രീയേയും മകനേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നു പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയെന്ന നിലയിലും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും അതു തിരുത്തണമെന്നും അവര്‍ കുറ്റപ്പെടുത്തി.
















