സൂറത്ത് : മോദി ജാതിപ്പേരുള്ളവര്‍ കള്ളന്മാരാണെന്ന പരാമര്‍ശത്തിനെതിരെ നല്‍കിയ അപകീത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സൂറത്ത് കോടതിയില്‍ ഹാജരാകും. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസിലാണ് രാഹുല്‍ ഹാജരാകുന്നത്.
ഏപ്രില്‍ പതിമൂന്നിന് കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദപരാമര്‍ശം. ഇതേ പരാമര്‍ശത്തിന് ബിഹാര്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ പട്‌ന കോടതി രാഹുലിന് ജാമ്യം നല്‍കിയിരുന്നു.
വിവാദ പ്രസംഗത്തില്‍ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുല്‍ വിമര്‍ശിച്ചത്. കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം ഇത് മൂന്നാം തവണയാണ് രാഹുല്‍ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകുന്നത്. തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് ജനങ്ങളുടെ വോട്ട് നേടുന്നതിനായി നടത്തിയ വ്യാജ പ്രചാരണങ്ങളാണ് രാഹുലിനെ ഇപ്പോള്‍ കോടതി കയറ്റിക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിലായി അപകീര്‍ത്തിപ്പെടുത്തലിന് മാത്രം അഞ്ച് കേസുകളാണ് ഇതുവരെ ഫയല്‍ ചെയ്തിരിക്കുന്നത്.















