നാഗഭൂതന്‍ എത്തിയ വിവരമറിഞ്ഞ് നാഗാസുരന്‍ വീരസേനനെന്ന സേനാ നായകനെ സൈന്യ സമേതം ഭൂതത്തെ വധിക്കാന്‍ അയച്ചു. സൈന്യങ്ങളേയും നായകനേയും കണ്ട ഭൂതം ഒന്നു കൂടി ഹുങ്കാരം മുഴക്കി. ഏറ്റുമുട്ടാനെത്തിയ സൈന്യമെല്ലാം ധൂളികളായി പറന്നു. അതുകഴിഞ്ഞ് നാഗാസുരമന്ത്രി മഹാഭീമ, സേനകളോടു കൂടി ഭൂതത്തോടെതിരിടാന്‍ വന്നു. മന്ത്രിയെ ഭൂതം വിഴുങ്ങിക്കളഞ്ഞു.
പരാജയങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ ക്ഷുഭിതനായ നാഗന്‍ കോടിക്കണക്കിന് സൈനികരുമായി ഭൂതത്തെ നശിപ്പിക്കാനെത്തി. നാഗനും നാഗവും തമ്മില്‍ യുദ്ധം തുടങ്ങി. അവരുടെ യുദ്ധം വര്‍ഷങ്ങള്‍ നീണ്ടു. നാഗന്റെ ശക്തി ക്ഷയിച്ചു തുടങ്ങി. നാഗഭൂതം അവനോട് സന്ധിചെയ്യാനൊരുങ്ങി. ‘ നീ നല്ലവനായി ജീവിക്കാമെങ്കില്‍
നിന്നെ കൊല്ലാതെ വിടാം. നീ എന്റെ വര്‍ഗത്തില്‍ പെട്ടവനാണെന്നു തോന്നുന്നു. നിന്റെ മുഖത്ത് സര്‍പമുഖഛായയുണ്ട്.’അത് നാഗന്‍ വകവെച്ചില്ല. ഉടനെ നാഗഭൂതം അവനെ വിഴുങ്ങിക്കളഞ്ഞു.
അതു കഴിഞ്ഞ് നാഗഭൂതം മൂര്‍ത്തിത്രയങ്ങള്‍ക്ക് അരികിലെത്തി നമസ്‌ക്കരിച്ചു. അവര്‍ ഭൂതത്തെ അനുഗ്രഹിച്ചയച്ചു. പരമശിവന്‍ സന്തോഷത്താല്‍ മതിമറന്ന് നാഗഭൂതത്തെ തന്റെ കണ്ഠാഭരണങ്ങളില്‍ ഒന്നായി സ്വീകരിച്ചു.
കുറേക്കാലം കഴിഞ്ഞൊരിക്കല്‍ പതിന്നാലു ലോകവും ഒന്നു ചുറ്റി സഞ്ചരിച്ച് കാണുന്നതിന് നാഗഭൂതം പുറപ്പെട്ടു. ശാല്മല ദ്വീപില്‍ മാത്രം പോകരുതെന്ന നിര്‍ദേശത്തോടെയാണ് ശിവന്‍ ഭൂതത്തിന് യാത്രാനുമതി നല്‍കിയത്.
നാഗപാശമെന്ന നാഗഭൂതം നാനാലോകങ്ങള്‍ സഞ്ചരിച്ച് വിവിധ ദൃശ്യങ്ങള്‍ സന്ദര്‍ശിച്ച് വിശ്വവിജ്ഞാനങ്ങള്‍ സംഭരിച്ച് ഒടുവില്‍ കൈലാസത്തിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. എങ്കിലും ശാല്മല ദ്വീപുകാണാനുള്ള ആഗ്രഹം അടക്കാനായില്ല. അങ്ങനെ നാഗഭൂതം സര്‍പ്പങ്ങളുടെ അധിവാസഭൂമിയായ ശാല്്മല ദ്വീപിലെത്തി. അവിടെയുള്ള നാഗങ്ങള്‍ തന്നെക്കണ്ട് ആദരിക്കാത്തതില്‍ ഭൂതത്തിന് അതിയായ കോപം വന്നു.
(തുടരും)
















