ന്യൂദല്‍ഹി: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ 1.5 ലക്ഷം കോടി രൂപ ചെലവില്‍ 170 വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി വ്യോമസേന. ടാറ്റാ-എയര്‍ബസ് കണ്‍സോര്‍ഷ്യം നിര്‍മിക്കുന്ന 56 ഇടത്തരം യാത്രാ വിമാനങ്ങള്‍ ഈ വര്‍ഷം തന്നെ വ്യോമസേനയുടെ ഭാഗമായേക്കും. ബാക്കിയുള്ള 114 പോര്‍വിമാനങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം സ്വന്തമാക്കും.
2016ല്‍ ഫ്രഞ്ച് കമ്പനിയായ റഫാലുമായി 59,000 കോടി രൂപയ്‌ക്ക് 36 പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കരാറിലേര്‍പ്പെട്ടിരുന്നു. കരാറിലെ ആദ്യ നാല് റഫാല്‍ പോര്‍വിമാനങ്ങള്‍ സപ്തംബറില്‍ ഇന്ത്യയിലെത്തും. ഇതു കൂടാതെയാണ് 2020 തുടക്കത്തോടെ പുതിയ 114 പോര്‍വിമാനങ്ങള്‍ക്കുള്ള കരാര്‍ ക്ഷണിക്കാന്‍ വ്യോമസേന ഒരുങ്ങുന്നത്.
ടാറ്റയും എയര്‍ബസും സംയുക്തമായി നിര്‍മിക്കുന്ന 56 സി-295 വിമാനങ്ങളുടെ കരാര്‍ ഏകദേശം ഉറപ്പിച്ചു. 1.25 ലക്ഷം കോടി രൂപ വിലമതിക്കുന്ന 114 പോര്‍ വിമാനങ്ങളുടെ നിര്‍മാണാവകാശം ലഭിക്കുന്നതിന് റഫാലടക്കം ഏഴ് കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. നിലവിലുള്ള പോര്‍വിമാനങ്ങള്‍ക്ക് കാലപ്പഴക്കം സംഭവിക്കുന്നത് സൈന്യത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാലാണ് വ്യോമസേന കൂടുതല്‍ പോര്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്.















