ന്യൂദല്‍ഹി: മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഹിന്ദു മഹാസഭ കേരള ഘടകത്തിന്റെ ഹര്‍ജിയാണ് വാദം പോലും കേള്‍ക്കാതെ കോടതി തള്ളിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. മുസ്ലീം സ്ത്രീകള്‍ ആവശ്യവുമായി വരട്ടെ അപ്പോള്‍ പ്രതികരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി കോടതിയെ സമീപിക്കാന്‍ അഖില ഭാരത ഹിന്ദു മഹാസഭയ്‌ക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടാന്‍ എന്തവകാശമാണ് ഹര്‍ജിക്കാരനുള്ളതെന്നും ഹര്‍ജിയില്‍ മുസ്ലീം സ്ത്രീകള്‍ ആരെങ്കിലും കക്ഷിയായിട്ടുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
എന്നാല്‍, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലിം സംഘടനകള്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. മുസ്ലിം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ തന്നെ സമീപിക്കുമെന്ന് ഏതാനും സംഘടനകള്‍ വ്യക്തമാക്കി. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തെത്തി. നിലവില്‍ ജമാഅത്തെ ഇസ്ലാമി, മുജാദിഹ് വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ കെ, എ പി സുന്നികള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.















