ന്യൂദല്‍ഹി : കോണ്‍ഗ്രസ്സിന്റെ കുപ്രചാരണങ്ങളെ തള്ളി ഗായികയും നര്‍ത്തകിയുമായ സപ്നാ ചൗധരി ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹി പ്രസിഡന്റ് മനോജ് തിവാരിയില്‍ നിന്നാണ് സപ്നാ ചൗധരി അംഗത്വം സ്വീകരിച്ചത്. ബിജെപി രാജ്യവ്യാപകമായി നടത്തുന്ന അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായാണ് സപ്നാ ചൗധരി പാര്‍ട്ടിയിലെത്തിയത്.
മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാന്‍, ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് എന്നിവരും അംഗത്വ ചടങ്ങില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേരുന്നു എന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍ സപ്നാചൗധരിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രിയങ്കാഗാന്ധിയോടൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയതോടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സപ്നാ ചൗധരി വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.
സപ്നാ ചൗധരി കോണ്‍ഗ്രസ്സില്‍ ചേരുന്നു എന്നു മാത്രമല്ല. ഹേമമാലിനിക്കെതിരായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. സപ്നയുടെ സമ്മതമില്ലാതെ അവരുടെ പഴയഫോട്ടോകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് മനോജ് തിവാരി പ്രതികരിച്ചു. സപ്നാ ചൗധരി ബിജെപി അംഗത്വം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും തിവാരി പറഞ്ഞു.
















